അന്തർദേശീയം

വിദ്യാർഥികളുടെ സോഷ്യൽ മീഡിയ ഉപയോഗം കുറച്ച് പഠനത്തോടൊപ്പം ഫാം ജോലികളും; വേറിട്ട പാതയിൽ അമേരിക്കൻ സ്കൂൾ

വാഷിങ്ടൺ ഡിസി : അക്കാദമിക് പഠനത്തോടൊപ്പം ഫാം ജോലികളും ശീലമാക്കി അമേരിക്കയിലെ വെർമോണ്ടിലുള്ള ‘ദി മൗണ്ടൻ സ്കൂളിലെ’ വിദ്യാർഥികൾ. ഫോൺ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരമാവധി ഒഴിവാക്കി ഫോണുകൾ ഉപയോ​ഗിക്കുന്ന സംയം കുറച്ചുകൊണ്ട് പ്രകൃതിയോടിങ്ങുകയാണ് ഈ അവസരത്തിൽ വിദ്യാർഥികൾ. സ്കൂളിൽ സെമസ്റ്ററിന് ഏകദേശം $40,000 ആണ് ഫീസ്.

വിദ്യാർഥികൾ അവരുടെ സമയം ചെലവഴിക്കുന്നത് കൃഷിയിടത്തിൽ പണിയെടുക്കാനും, മൃഗങ്ങളെ പരിചരിക്കാനും, ക്ലാസ് മുറികളും പാത്രങ്ങളും വൃത്തിയാക്കാനുമാണ്. അക്കാദമിക് പഠനത്തോടൊപ്പം ഫാം ജോലികളും സാങ്കേതികവിദ്യ ഒഴിവാക്കിയുള്ള ഈ പ്രോഗ്രാമിനായി നിരവധി വിദ്യാർഥികളാണ് താത്പര്യം പ്രകടിപ്പിക്കുന്നത്.

അമേരിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് ഇവിടെയെത്തുന്നത്. സ്ക്രീനുകളിൽ നിന്ന് മാറിനിൽക്കാനും, സ്വയംപര്യാപ്തത കൈവരിക്കാനും, കോളേജ് പ്രവേശനത്തിനുള്ള ആപ്ലിക്കേഷനുകൾ മെച്ചപ്പെടുത്താനുമാണ് പലരും ഈ അവസരം ഉപയോഗിക്കുന്നത്.

ക്ലാസ് മുറികൾ ശുചീകരിക്കുക, പച്ചക്കറികൾ തയ്യാറാക്കുക, ജലസേചന സംവിധാനങ്ങൾ പരിശോധിക്കുക തുടങ്ങിയ പൊതുവായ ജോലികളും അവർ ചെയ്യണം. കൂടാതെ, ചോളം വിളവെടുപ്പ്, ആടുകളെ മേയ്ക്കൽ, പശുക്കളെ പരിചരിക്കൽ, വിറക് വെട്ടൽ തുടങ്ങിയ ഫാം ജോലികളും ഇവർ ചെയ്യുന്നു. ഒരു ഫാമിൽ ഒന്നിച്ച് പ്രവർത്തിക്കുക, വനപരിപാലനം, പ്രകൃതി ചരിത്രം തുടങ്ങിയ വിഷയങ്ങൾ പഠിക്കുക, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് വ്യക്തിപരമായ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക എന്നിവയാണ് സ്കൂൾ ലക്ഷ്യമിടുന്നത്.

ഇവിടെ നിന്ന് ലഭിക്കുന്ന അനുഭവപരിചയവും ആത്മവിശ്വാസവും വിദ്യാർത്ഥികൾക്ക് ഉന്നത സർവകലാശാലകളിലും ഭാവി ജീവിതത്തിലും മികച്ച രീതിയിൽ തിളങ്ങാൻ സഹായകരമാകുന്നു. ഈ ജോലികളെ വെറുമൊരു “വീട്ടുജോലി” ആയി കാണുന്നില്ലെന്നും, ഒരു മുതിർന്ന വ്യക്തിയായി ജീവിക്കാൻ പഠിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും ഒരു വിദ്യാർഥിയുടെ പിതാവായ തോമസ് വിറ്റ്‌നി അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button