ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചു; വൈദ്യുത ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ് : എനെമൽറ്റ

വേനൽച്ചൂട് കടുത്തതോടെ മാൾട്ടയിൽ വൈദ്യുത ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 741 മെഗാവാട്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രാജ്യത്തുടനീളം ആയിരക്കണക്കിന് വീടുകളാണ് ഇരുട്ടിലായത്. എന്നാൽ, തകരാറിലായ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ ‘എനെമൽറ്റ’ അറിയിച്ചു.
അതേസമയം, വാലെറ്റയിൽ (Valletta) ബുധനാഴ്ച രാവിലെയുണ്ടായ രണ്ട് കേബിൾ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ എഞ്ചിനീയറിംഗ് സംഘം വേഗത്തിൽ തുടരുകയാണ്.
റെക്കോർഡ് തകർത്ത് വൈദ്യുതി ഉപഭോഗം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ ഉഷ്ണതരംഗമാണ് വൈദ്യുത ഉപഭോഗം കുത്തനെ ഉയർത്തിയത്. തിങ്കളാഴ്ച രേഖപ്പെടുത്തിയ 713 മെഗാവാട്ട് ഉപഭോഗം മറികടന്നാണ് ചൊവ്വാഴ്ച 741 മെഗാവാട്ടിലേക്ക് ഉയർന്നത്. 2023-ലെ റെക്കോർഡായ 663 മെഗാവാട്ടിനേക്കാൾ 11 ശതമാനത്തിന്റെ വർദ്ധനവാണിത്.
ജനങ്ങൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിൽ മാപ്പ് ചോദിച്ച എനെമൽറ്റ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ റയാൻ ഫാവ, ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് തകരാറുകൾ വേഗത്തിൽ പരിഹരിക്കുമെന്നും അറിയിച്ചു. നെറ്റ്വർക്ക് നവീകരണം പൂർത്തിയായ പ്രദേശങ്ങളിൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്നും, മറ്റ് ദുർബലമായ മേഖലകൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള മൾട്ടി-മില്യൺ നിക്ഷേപ പദ്ധതികൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളെ സഹായിക്കുന്നതിനായി 24/7 ഹെൽപ്പ് ലൈൻ (153) സേവനത്തിലേക്ക് കൂടുതൽ ജീവനക്കാരെയും അധിക സാങ്കേതിക വിദഗ്ദ്ധരെയും കമ്പനി നിയോഗിച്ചിട്ടുണ്ട്.
പ്രതിസന്ധിയിലായി വിവിധ പ്രദേശങ്ങൾ
ബിർഗു, ക്വോർമി, ഗുഡ്ജ, ഗാർഗൂർ, ഹാംറൂൺ, ലൂഖ, നാക്സാർ, സെയ്ന്റ് ജൂലിയൻസ് തുടങ്ങി നിരവധി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി വൈകിയും വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി തടസ്സത്തെത്തുടർന്ന് ത അലിയിലെ സെന്റിനറി സ്റ്റേഡിയത്തിൽ നടന്ന ഫ്ലോറിയാന – ഡ്രിറ്റ യുവേഫ കോൺഫറൻസ് ലീഗ് ക്വാളിഫയിംഗ് മത്സരം മൂന്ന് തവണ തടസ്സപ്പെട്ടു.
സാമ്പത്തിക വളർച്ചാ മോഡലിനെ വിമർശിച്ച് ചേംബർ ഓഫ് കൊമേഴ്സ്
രാജ്യത്ത് ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുത തടസ്സങ്ങൾ നിലവിലെ സാമ്പത്തിക വളർച്ചാ മോഡലിന്റെ പരാജയമാണെന്ന് മാൾട്ട ചേംബർ ഓഫ് കൊമേഴ്സ് ആരോപിച്ചു. ജനസംഖ്യാ വർദ്ധനവ്, വിനോദസഞ്ചാരികളുടെ ഒഴുക്ക്, കാലാവസ്ഥാ വ്യതിയാനം എന്നിവ മുൻകൂട്ടി കണ്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് ചേംബർ തുറന്നടിച്ചു.



