യുദ്ധകാലത്ത് നിർബന്ധിത സൈനിക ചുമതലകൾ, സ്വകാര്യസ്വത്തും സാങ്കേതികവിദ്യയും സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിയമവുമായി ചൈന

ബെയ്ജിങ്: യുദ്ധകാലത്ത് പൗരന്മാർക്ക് നിർബന്ധിത സൈനിക ചുമതലകൾ, സ്വത്തുവകകൾ പിടിച്ചെടുക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, സർക്കാർ ഉത്തരവുകളെ എതിർക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾക്ക് ഭരണകൂടത്തെ അനുവദിക്കുന്ന സുപ്രധാന നിയമനിർമാണത്തിന് ചൈന. ഇതിനായി നാഷണൽ ഡിഫൻസ് മൊബിലൈസേഷൻ നിയമ ഭേദഗതി നടപ്പാക്കാൻ ഒരുങ്ങുകയാണ് ചൈന. രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ജോലികൾ നിർബന്ധമാക്കാനും സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാനും സാങ്കേതികവിദ്യ സൈനിക പ്രവർത്തനങ്ങളിലേക്ക് ഉപയോഗപ്പെടുത്താനും സർക്കാരിന് അധികാരം നൽകുന്നതാണ് നിയമം.
പൗരന്മാർക്ക് നിർബന്ധിത സൈനിക ചുമതലകൾ, സ്വത്തുവകകൾ പിടിച്ചെടുക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, സർക്കാർ ഉത്തരവുകളെ എതിർക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ എന്നിവ ഉൾക്കൊള്ളുന്നതാണ് നിയമമെന്ന് സി.എൻ.എൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 28-ന് അംഗീകരിച്ച ഈ നിയമം ഒക്ടോബർ ഒന്നിന് നിലവിൽവരും. പരമ്പരാഗത സൈനിക സംവിധാനങ്ങൾ മാത്രം മതിയാകാതെവരുന്ന ദീർഘകാല സംഘർഷ സാഹചര്യങ്ങൾക്ക് ചൈനയെ സജ്ജമാക്കുന്നതിനാണ് ഇതെന്നാണ് വിലയിരുത്തൽ.
യുദ്ധമുണ്ടായാൽ പൗരർക്ക് നിർബന്ധിത സൈനിക സേവനം ചെയ്യേണ്ടിവരും. 18 മുതൽ 60 വയസ്സുവരെയുള്ള പുരുഷന്മാർ ഇതിന്റെ പരിധിയിൽ വരും. 18 മുതൽ 55 വയസ്സുവരെയുള്ള സ്ത്രീകൾക്കും ഇത് ബാധകമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നഷ്ടമാകും. പുതിയ നിയമപ്രകാരം സൈന്യത്തിന് പിന്തുണ നൽകാൻ പൗരർ ബാധ്യസ്ഥരാണ്.
ജനങ്ങളുടെ സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാനും പുതിയ നിയമം വ്യവസ്ഥചെയ്യുന്നു. വാഹനങ്ങൾ, വീടുകൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ സർക്കാർ പിടിച്ചെടുത്തേക്കാം. ഉത്തരവ് ലഭിച്ചാലുടൻ ഇവ സൈന്യത്തിന് വിട്ടുകൊടുക്കേണ്ടിവരും. ഇതിനുള്ള സാമ്പത്തിക നഷ്ടപരിഹാരം പിന്നീട് മാത്രമേ നൽകുകയുള്ളൂ.
സ്വകാര്യ സാങ്കേതികവിദ്യാ കമ്പനികളുടെ ഡാറ്റാ സംവിധാനങ്ങൾ സൈന്യത്തിന് തുറന്നുനൽകണം. കംപ്യൂട്ടർ, സോഫ്റ്റ്വേർ വിവരങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. കൃത്രിമ ബുദ്ധി സംവിധാനങ്ങളും സൈന്യത്തിന്റെ നിയന്ത്രണത്തിലാകും. ഉത്തരവുകൾ ലംഘിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും. നിയമം അനുസരിക്കാത്ത കമ്പനികൾക്കെതിരെ വലിയ പിഴയും ഈടാക്കും. വ്യക്തികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.
യുദ്ധങ്ങളെയും ഉപരോധങ്ങളെയും പ്രതിരോധിക്കാൻ ചൈനയെ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിലും ഈ നിയമം ചൈന ഉപയോഗിച്ചേക്കാമെന്നാണ് ആശങ്ക. യഥാർഥ നിയന്ത്രണരേഖയിൽ ദീർഘകാലത്തേക്ക് സൈന്യത്തിന് സാധാരണ പൗരരുടെ പിന്തുണ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ദീർഘകാല സംഘർഷങ്ങൾക്ക് ചൈന ഒരുങ്ങുന്നതിന്റെ മുന്നോടിയാണ് ഇതെന്ന വിലയിരുത്തലുകളുമുണ്ട്.



