ബുർഖ, നിഖാബ് എന്നീ വസ്ത്രങ്ങൾ നിരോധിക്കാനും വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനും നീക്കവുമായി ഇറ്റലി

റോം : ഇറ്റലിയിലെ സ്കൂളുകളിൽ മുഖം പൂർണമായി മറയ്ക്കുന്ന ബുർഖ, നിഖാബ് എന്നീ വസ്ത്രങ്ങൾ നിരോധിക്കാൻ നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോണി. സ്കൂളുകളിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുകയാണ്. ഇറ്റാലിയൻ സമൂഹത്തിൽ കുടിയേറ്റക്കാരുടെ ഏകീകരണം മെച്ചപ്പെടുത്തുകയും സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുകയും ചെയ്യുകയാണ് നടപടികളുടെ ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്.
സ്കൂളുകളിൽ മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ അനുവദിക്കില്ലെന്നാണ് മെലോണി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, തലയും കഴുത്തും മാത്രം മറയ്ക്കുന്ന ഹിജാബിന് ഇളവുണ്ട്. വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനാണ് നീക്കമെങ്കിലും എണ്ണം സംബന്ധിച്ച പരിധി സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഇറ്റാലിയൻ വിദ്യാഭ്യാസ സമ്പ്രദായവുമായി ഇണങ്ങി ചേരാൻ ബുദ്ധിമുട്ട് നേരിടുന്ന വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണം എന്നതാണ് മറ്റൊരു നിർദേശം. ‘ഒരു ക്ലാസിൽ ഇറ്റാലിയൻ സംസാരിക്കാൻ അറിയാത്ത ഒന്നോ രണ്ടോ വിദ്യാർഥികൾ ഉണ്ടെങ്കിൽ, അധ്യാപകർക്കും സഹപാഠികൾക്കും അവരെ സ്കൂളുമായി ഇണങ്ങി ചേരാൻ സഹായിക്കാൻ കഴിയും. പക്ഷേ, ഇറ്റാലിയൻ അറിയാത്ത കുട്ടികളുടെ എണ്ണം കൂടുതലായാൽ അത് ഏകീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും.’ -മെലോണി പറഞ്ഞു.



