അന്തർദേശീയം

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

കീവ് : യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഒട്ടേറെ പാർപ്പിട സമുച്ചയങ്ങൾക്ക് നാശനഷ്ടമുണ്ടായി. നിരവധി പ്രദേശങ്ങളിൽ വൈദ്യുതിബന്ധം തകർന്നു. കീവിന് പുറമെ ഒഡേസ, ഖേഴ്സൺ, ഡൊണെറ്റ്സ്ക്, സപൊറീഷ്യ, ഖാർകിവ്, ചെർണിഹിവ്, സൈറ്റോമിർ, സുമി, ഡ്നിപ്രോ തുടങ്ങിയ മേഖലകളിലും ആക്രമണമുണ്ടായി.

സിവിലിയന്മാരെയാണ് റഷ്യ മനപൂർവം ലക്ഷ്യമിടുന്നതെന്ന് സെലൻസ്കി ആരോപിച്ചു. യുക്രെയ്ന് കൂടുതൽ വ്യോമപ്രതിരോധ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ജനങ്ങളുടെ ജീവിതത്തിന് പരമാവധി നാശനഷ്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ എപ്പോഴും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. വ്യോമപ്രതിരോധ ശേഷി പര്യാപ്തമല്ലാത്തപ്പോഴാണ് അതിന് വിജയിക്കാനാകുന്നത്”- അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സഹായങ്ങളിലൂടെ യുക്രെയ്നെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് സെലൻസ്കി നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button