അന്തർദേശീയം

ഇന്ത്യക്കാര്‍ യുഎസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 179 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ഗ്രീൻ കാർഡ് (പിആർ) സ്വപ്‌നം കാണുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് 179 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ട്. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) പുറത്തിറക്കിയ വിശകലന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജോലിയുടെ അടിസ്ഥാനത്തിൽ ഗ്രീൻ കാർഡ് ലഭിക്കാനായി ‘ക്യൂ’വിലുള്ളത് പത്തുലക്ഷത്തോളം ഇന്ത്യക്കാരാണ്. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ആകെയുള്ളവരുടെ 79 ശതമാനമാണ് ഇത്.

ഓരോ രാജ്യത്തിനും ക്വാട്ട നിശ്ചയിച്ചാണ് ഗ്രീൻ കാർഡ് നൽകുന്നത്. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇത്രയധികം കൂടുതലായതിനാലാണ് ഇന്ത്യക്കാരുടെ കാത്തിരിപ്പ് കാലം ഇത്രയേറെ ഉയരുന്നത്. അതേസമയം, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇന്ത്യക്കാരെ അപേക്ഷിച്ച് കുറച്ച് വർഷം മാത്രം കാത്തിരുന്നാൽ മതിയാകുമെന്നും എൻഎഫ്എപിയുടെ വിശകലനത്തിൽ പറയുന്നു.

പ്രധാനമായി മൂന്ന് വിഭാഗങ്ങളിലായാണ് പ്രൊഫഷണലുകൾക്ക് യുഎസ്സിൽ ഗ്രീൻ കാർഡ് ലഭിക്കുന്നത്. അതീവ വൈദഗ്ധ്യമുള്ളവർക്കുള്ള ഇബി-1, മാസ്റ്റേഴ്‌സ് പോലെ ഉയർന്ന ബിരുദമുള്ളവർക്കുള്ള ഇബി-2, ബിരുദധാരികൾക്കും വിദഗ്ധ തൊഴിലാളികൾക്കുമായുള്ള ഇബി-3 എന്നിവയാണ് അവ. ഓരോ വർഷവും 1.4 ലക്ഷം പേർക്ക് മാത്രമാണ് തൊഴിലിന്റെ അടിസ്ഥാനത്തിൽ യുഎസ് ഗ്രീൻ കാർഡ് നൽകുന്നത്. അതിൽ ഒരു രാജ്യത്തുനിന്നുള്ള പരമാവധി ഏഴ് ശതമാനം പേർക്ക് മാത്രമാണ് ഗ്രീൻ കാർഡ് ലഭിക്കുക. അതായത് 9800 പേർക്ക് മാത്രം. ഇതിന് പുറമെ ഇബി-4, ഇബി-5 എന്നീ വിസകളിലുള്ളവർക്ക് കൂടി ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ കഴിയും.

ഓരോ രാജ്യത്തിനും ഏർപ്പെടുത്തിയ പരിധിയാണ് ഇന്ത്യക്കാരുടെ ഗ്രീൻ കാർഡ് സ്വപ്‌നത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നത്. നിലവിൽ 996,599 ഇന്ത്യക്കാരാണ് ഗ്രീൻ കാർഡിന് അപേക്ഷിച്ചിരിക്കുന്നത്. ഇതെല്ലാം വിശകലനംചെയ്താണ് ഇന്ത്യക്കാർക്ക് വർഷങ്ങൾ, ചിലപ്പോൾ പതിറ്റാണ്ടുകൾ തന്നെ ഗ്രീൻ കാർഡിനായി കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് എൻഎഫ്എപി പറയുന്നത്.

അതുപ്രകാരം ഇബി-1 വിഭാഗത്തിലെ ഇന്ത്യക്കാർക്ക് അഞ്ചുവർഷം മാത്രം കാത്തിരുന്നാൽ മതിയാകും. എന്നാൽ, ഇബി-2 വിഭാഗത്തിന് 179 വർഷം വരെയാണ് കാത്തിരിക്കേണ്ടിവരിക. ഇബി-3 വിഭാഗത്തിന് 38 വർഷവും കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നിയമങ്ങൾ ഇതുപോലെ തുടർന്നാലുള്ള പ്രൊജക്ഷൻ മാത്രമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇബി-2 വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ നിന്ന് ഗ്രീൻ കാർഡ് അപേക്ഷകൾ ലഭിക്കുന്നത്. 2016-ൽ മാത്രം 47,601 ഇന്ത്യക്കാരാണ് ഗ്രീൻ കാർഡിനായി അപേക്ഷിച്ചത്. ഇവരുടെ സ്വന്തക്കാരെ കൂടി ചേർക്കുമ്പോൾ ഈ എണ്ണം 98,594 ആകും. എന്നാൽ, ഇവരിൽ 4407 പേർക്ക് മാത്രമാണ് ആ വർഷം ഗ്രീൻ കാർഡ് ലഭിച്ചത്. ഈ ട്രെൻഡ് 2017-ലും 2018-ലും തുടരുകയും ഗ്രീൻ കാർഡിന് കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button