അട്ടാർഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ട് പേർക്ക് പരിക്ക്

അട്ടാർഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞശേഷം തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അട്ടാർഡിലെ ‘ട്രിക്സ് ല്-ഇംഡിന’ (Triq l-Imdina) യിലാണ് അപകടമുണ്ടായത്ത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, ടൊയോട്ട വിറ്റ്സ് (Toyota Vitz) കാർ തലകീഴായി മറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം വാഹനത്തിന് പുറത്തായി യാത്രക്കാർ രണ്ടുപേരും ഉണ്ടായിരുന്നു.
വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയും തുടന്ന് തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കാറിന് തീപിടിക്കുന്നതിന് മുൻപ് തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സിവിഖി (Swieqi) സ്വദേശിയായ 18 വയസ്സുകാരിയും ക്വാർമി (Qormi) സ്വദേശിയായ 27 വയസ്സുകാരനായ ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.
സ്ഥലത്തെത്തിയ മെഡിക്കൽ സംഘം ഇരുവരെയും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ മാറ്റർ ഡെയ് (Mater Dei) ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും യുവതിയുടെ പരിക്ക് നിസ്സാരമാണെന്നും അധികൃതർ സ്ഥിരീകരിച്ചു. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



