ദേശീയം

സൗദിയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 14 വരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ന്യൂഡല്‍ഹി : ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 14 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

റിയാദ്, ദമ്മാം സര്‍വീസുകള്‍ നവംബര്‍ ഏഴ് വരെയും ജിദ്ദ സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെയുമാണ് നേരത്തെ നിര്‍ത്തിവെച്ചിരുന്നത്. ഒക്ടോബര്‍ 30നോ അതിന് മുമ്പോ ടിക്കറ്റ് എടുത്ത് നവംബര്‍ 14 വരെ യാത്ര നിശ്ചയിച്ചവര്‍ക്ക് പിഴയോ അധിക നിരക്കോ ഇല്ലാതെ ഒരുതവണ സൗജന്യമായി യാത്ര പുനഃക്രമീകരിക്കാം. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. പുനഃക്രമീകരിച്ച യാത്ര നവംബര്‍ 29 നകം പൂര്‍ത്തിയാക്കണം.

സൗദിയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന മറ്റ് എയര്‍ ഇന്ത്യ കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് മാറ്റാന്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സൗകര്യമുണ്ടാകും. അതേസമയം, സൗദിയിലെയും ബഹ്റൈനിലെയും ലഭ്യമായ കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് മാറ്റാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്കും അവസരമുണ്ട്.ആകാശ എയര്‍ ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 10 വരെയും റിയാദിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും റദ്ദാക്കി. ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 14 വരെ ഇന്‍ഡിഗോയും നിര്‍ത്തിവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button