അന്തർദേശീയം

യുഎസിൽ വീണ്ടും സൈബർ ആക്രമണം; എഫ്.ബി.ഐ.യുടെ ക്രിമിനൽ ഡേറ്റാബേസ് സംവിധാനത്തിൽ നുഴഞ്ഞുകയറി ഹാക്കർമാർ

വാഷിങ്ടൺ ഡിസി : യു.എസ്. ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യുടെ രാജ്യവ്യാപക ക്രിമിനൽ ഡേറ്റാബേസ് സംവിധാനത്തിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി സംശയം. ദേശീയതലത്തിൽ നിയമപാലകർ ഉപയോഗിക്കുന്ന നാഷണൽ ക്രൈം ഇൻഫർമേഷൻ സെന്ററിലാണ് (എൻ.സി.ഐ.സി.) സൈബറാക്രമണമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഏതാനും മാസങ്ങൾക്കിടെ ഈ സംവിധാനത്തിലെ രണ്ടാമത്തെ സൈബർ സുരക്ഷാ വീഴ്ചയാണിത്.

രാജ്യവ്യാപകമായി പോലീസും മറ്റു നിയമപാലന ഏജൻസികളും ഉപയോഗിക്കുന്ന ഡേറ്റാബേസ് സംവിധാനമാണ് എൻ.സി.ഐ.സി. അറസ്റ്റ് വാറന്റുകൾ, തിരച്ചിൽ നടപടികൾ, പശ്ചാത്തല പരിശോധനകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. അടുത്ത ദിവസങ്ങളിലാണ് ഏറ്റവും പുതിയ നുഴഞ്ഞുകയറ്റം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഹാക്കർമാർക്ക് രഹസ്യവിവരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതു മാത്രമല്ല ആശങ്കയെന്നും വിവരങ്ങളുടെ കൃത്യതയിൽ മാറ്റംവരുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് കൂടുതൽ ഗൗരവമുള്ള കാര്യമെന്നും മുൻ എഫ്.ബി.ഐ. ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. പോലീസ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കാൻ ആശ്രയിക്കുന്ന വിവരങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബാങ്കുകൾ, ദേശീയ സുരക്ഷാ ഏജൻസി (എൻ.എസ്.എ.), ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ.) വ്യോമഗതാഗത നിയന്ത്രണ സംവിധാനം എന്നിവയ്ക്കുനേരെ മുൻപ് വലിയ സൈബർ ആക്രമണം നടന്നിരുന്നു. ഇത് കാര്യമായ സാങ്കേതിക തകരാറുകൾക്കു കാരണമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

കഴിഞ്ഞ സെപ്റ്റംബറിലും എഫ്.ബി.ഐ.യുടെ സംവിധാനങ്ങൾ സൈബറാക്രമണങ്ങൾക്ക് ഇരയായിരുന്നു. ഷൈനി ഹണ്ടേഴ്‌സ് എന്ന ഹാക്കർ സംഘം എഫ്.ബി.ഐ.യുടെ തൊഴിൽ അപേക്ഷാ വെബ്‌സൈറ്റിനെ ആക്രമിച്ച് ജീവനക്കാരുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി കാനഡക്കാരനായ സൈബർ സുരക്ഷാ ഗവേഷകനും എഴുത്തുകാരനുമായ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button