മെക്സിക്കോ ഉള്‍ക്കടലിൽ ചെറുവിമാനം തകര്‍ന്ന് വീണു; രണ്ടു കുട്ടികളടക്കം ആറുപേര്‍ മരിച്ചു

മിസിസിപ്പി : യുഎസിലെ മിസിസിപ്പി തീരത്തിന് സമീപം ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ചൊവ്വാഴ്ച മെക്സിക്കോ ഉള്‍ക്കടലിലാണ് അപകടം.
മിസിസിപ്പിയിലെ പാസ്കഗൗളയ്ക്കും ഗൾഫ് ഐലൻഡ്സ് നാഷണൽ സീഷോറിന്റെ ഭാഗമായ ഹോൺ ദ്വീപിനും ഇടയിലുള്ള കടലിലാണ് വിമാനം വീണത്. ‘സെസ്ന 210’ എന്ന ചെറു വിമാനമാണ്.
വിമാനത്തിൽ ഉണ്ടായിരുന്ന മുതിന്ന നാലുപേരുടെയും എട്ടും പത്തും വയസായ രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആദ്യ ദിവസം കടലിൽ നടത്തിയ തിരച്ചിലിൽ ഇവരുടെ ലൈഫ് ബെൽറ്റും ഒരു ലൈഫ് റാഫ്റ്റും വിമാനത്തിന്റെ ക്യാബിനും മാത്രമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്.
വിശദമായ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ന്യൂ ഓർലിയാൻസിൽ നിന്ന് ഫ്ലോറിഡയിലെ ഫോർട്ട് മെയേഴ്സിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ‘ഫ്ലൈറ്റ് അവെയർ’ റിപ്പോർട്ട് പറയുന്നു.



