അന്തർദേശീയം

ബാങ്ക് തട്ടിപ്പ്, സാങ്കേതിക തട്ടിപ്പ്, ഉപരോധ ലംഘനം, വ്യാപാര രഹസ്യങ്ങൾ ചോർത്തി; ചൈനീസ് ടെക് ഭീമൻ വാവെയ് കുറ്റക്കാരെന്ന് യുഎസ് കോടതി

ന്യൂയോർക്ക് : ഇറാനിലെ ബിസിനസ് ഇടപാടുകളെക്കുറിച്ച് ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കുകയും ചെയ്തെന്ന ക്രിമിനൽ കേസിൽ ചൈനീസ് ടെലികോം ഭീമനായ വാവെയ് (ഹുവായ്) കുറ്റക്കാരാണെന്ന് യുഎസ് കോടതി. ചൊവ്വാഴ്ച ബ്രൂക്‌ലിൻ ഫെഡറൽ കോടതിയിലെ ജൂറിയാണ് വാവെയ്ക്കെതിരെ ആരോപിച്ച 12 കുറ്റങ്ങളിൽ പത്തെണ്ണത്തിലും കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചത്. ബാങ്ക് തട്ടിപ്പ്, സാങ്കേതിക തട്ടിപ്പ്, ഉപരോധ ലംഘനം, വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.

അതേസമയം, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന കുറ്റത്തിൽ നിന്നും നീതിന്യായ നിർവഹണം തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിൽ നിന്നും കോടതി കമ്പനിയെ കുറ്റവിമുക്തമാക്കി. രണ്ടു മാസത്തിലധികം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് വിധി. 2027 സെപ്റ്റംബർ 14 ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ആൻ ഡോണലി ശിക്ഷ വിധിക്കും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വാവെയ് വ്യക്തമാക്കി.

2018 ലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ ആരംഭിക്കുന്നത്. വാവെയ് സ്ഥാപകൻ്റെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെങ് വാൻഷൗവിനെ യുഎസ് വാറൻ്റിൻ്റെ അടിസ്ഥാനത്തിൽ കാനഡയിൽ തടഞ്ഞുവെച്ചിരുന്നു. ഇത് അമേരിക്ക, ചൈന, കാനഡ എന്നീ രാജ്യങ്ങൾക്കിടയിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് വഴിവെച്ചു. അമേരിക്കൻ ഉപരോധം മറികടന്ന് ഇറാനിലേക്ക് പണമയക്കുന്നതിനായി എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മെങ്ങിനെതിരായ കേസ്. മൂന്ന് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രോസിക്യൂഷനുമായി ധാരണയിലെത്തിയ മെങ് ചൈനയിലേക്ക് മടങ്ങുകയും അവർക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

എച്ച്എസ്ബിസി, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബിഎൻപി പാരിബാസ് എന്നീ ബാങ്കുകളെ ഇറാനിലെ ഇടപാടുകളെക്കുറിച്ച് വാവെയ് തെറ്റിദ്ധരിപ്പിച്ചതായി 2018 ലെ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് 2020 ൽ അമേരിക്കൻ കമ്പനികളുടെ സാങ്കേതിക വിദ്യകൾ മോഷ്ടിച്ചെന്ന കുറ്റവും കൂട്ടിച്ചേർത്തു. റൗട്ടറുകൾ നിർമ്മിക്കുന്നതിനായി സിസ്കോ സിസ്റ്റംസിൻ്റെ സോഴ്സ് കോഡ് മോഷ്ടിച്ചു. വയർലെസ് ടെലികോം കമ്പനിയായ ക്വിന്റലിൻ്റെ ആൻ്റിന സാങ്കേതികവിദ്യ ചോർത്തി. സെമികണ്ടക്ടർ കമ്പനിയായ സിനെക്സ് വികസിപ്പിച്ച സർക്യൂട്ട് ബോർഡ് വിവരങ്ങൾ ചോർത്താൻ ഒരു പ്രൊഫസറെ നിയമിച്ചു തുടങ്ങിയവയായിരുന്നു വിചാരണവേളയിൽ പ്രോസിക്യൂഷൻ നിരത്തിയ പ്രധാന ആരോപണങ്ങൾ.

ഇതുകൂടാതെ ടി-മൊബൈലിൻ്റെ ടെസ്റ്റിംഗ് റോബോട്ടിൻ്റെ ഭാഗം വാവെയ് ജീവനക്കാരൻ ബാഗിലാക്കി കടത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളും, വ്യാപാരമേളയിൽ ഫുജിറ്റ്സു ബൂത്തിൽ അതിക്രമിച്ചു കയറി ഉപകരണത്തിൻ്റെ ചിത്രമെടുത്ത സംഭവവും കോടതിയിൽ ഹാജരാക്കി.

എന്നാൽ, ഇറാനിലെ ബിസിനസ് ഇടപാടുകളെക്കുറിച്ച് ബാങ്കുകൾക്ക് കൃത്യമായ അറിവുണ്ടായിരുന്നെന്ന് വാവെയ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും ഗവേഷണത്തിലൂടെയുമാണ് കമ്പനി വളർന്നതെന്നും വാവെയുടെ അഭിഭാഷകൻ ബ്രയാൻ ഹെബർലിഗ് വാദിച്ചു. 2019-ൽ യുഎസ് സർക്കാർ വാവെയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ സാങ്കേതികവിദ്യകൾ നിഷേധിച്ചിരുന്നെങ്കിലും, നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്ക് ചുവടുമാറ്റി കമ്പനി ശക്തമായി മുന്നേറുകയാണ്. നിലവിൽ 170-ഓളം രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് വാവെയ്ക്കുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button