റിയാദ് ടവറിന് നേരെ ഹൂതി ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്

റിയാദ് : റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ (കെ.എ.എഫ്.ഡി) ടവറിന് നേരെയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ ആകെ 11 പേർക്കാണ് പരിക്കേറ്റതെന്ന് സൗദി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
രണ്ട് സൗദി പൗരന്മാർ, രണ്ട് ഇന്ത്യൻ പൗരന്മാർ, മൂന്ന് നേപ്പാളികൾ, നാല് ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നതെന്ന് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. സൗദിയുടെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) ആസ്ഥാനം പ്രവർത്തിക്കുന്ന ടവറിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രം സൗദി സിവിൽ ഡിഫൻസ് പുറത്തുവിട്ടു.
ആക്രമണത്തെ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) ശക്തമായി അപലപിച്ചു. പരിക്കേറ്റവരിൽ രണ്ട് ഇന്ത്യൻ പൗരന്മാരുണ്ടെന്ന് സ്ഥിരീകരിച്ച മന്ത്രാലയം, പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും റിയാദിലെ ഇന്ത്യൻ എംബസി നൽകിവരികയാണെന്ന് വ്യക്തമാക്കി.
സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക, ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങളെയും മന്ത്രാലയം അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നതാണെന്നും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും അസ്ഥിരപ്പെടുത്തുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും വീണ്ടും ഉറപ്പിച്ചു.
സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും ഇത് ‘ഭീരുത്വം നിറഞ്ഞ’ ഡ്രോൺ ആക്രമണമാണെന്നും യമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി ചൊവ്വാഴ്ച പറഞ്ഞിരുന്നു. സംഭവസ്ഥലത്ത് അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇ, ഖത്തർ, കുവൈത്ത്, ലബനൻ, അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.സൗദി അറേബ്യയോട് യു.എ.ഇ ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ, ഈ സംഭവം ‘സൗദി പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന്’ ഖത്തർ വിശേഷിപ്പിച്ചു.
സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ജീവന് ഭീഷണിയാണെന്നും കൂടുതൽ സംഘർഷത്തിന് വഴിവെക്കുമെന്നും കുവൈത്ത് മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും പാകിസ്താൻ വ്യക്തമാക്കി.
പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദേശം
ഇതിനിടെ, പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു.മിസൈൽ, ഡ്രോൺ തടയലുകളുമായോ അവ പതിക്കുന്ന സ്ഥലങ്ങളുമായോ ബന്ധപ്പെട്ട വിവരങ്ങൾ ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും പങ്കുവെക്കുന്നതിനും എതിരെ സൗദി പബ്ലിക് സെക്യൂരിറ്റി നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് എംബസിയുടെ നിർദേശം. നിയമലംഘനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



