ബജറ്റ് പ്രസംഗത്തിൽ മലയാളി നഴ്സിന്റെ പേരും സേവനവും പരാമർശിച്ച് പ്രധാനമന്ത്രി റോബർട്ട് അബേല

ബജറ്റ് പ്രസംഗത്തിൽ മലയാളി നഴ്സിന്റെ പേരും സേവനവും പരാമർശിച്ച് പ്രധാനമന്ത്രി റോബർട്ട് അബേല. മാൾട്ടയുടെ പുരോഗതിയിൽ ഇതരരാജ്യങ്ങളിൽ നിന്നെത്തി ജോലിചെയ്യുന്നവരുടെ പ്രാധാന്യത്തെക്കുറിച്ചു വ്യക്തമാക്കാനാണു പ്രധാനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ ഗീതുവിന്റെ പേരു പരാമർശിച്ചത്. ചാലക്കുടി മേലൂരിലെ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസാണ് (35)ജോലി ചെയ്യുന്ന രാജ്യത്തെ ആരോഗ്യമേഖലയുടെ ആത്മാർത്ഥതയുടെ പ്രതീകമായി പരാമർശിക്കപ്പെട്ടത്.
‘എന്റെ പപ്പയ്ക്കും മമ്മിക്കും അസുഖം വന്നപ്പോഴും എന്റെ മകൾക്കു പരിചരണം വേണ്ടിവന്നപ്പോഴും ഒരു വിദേശ നഴ്സ് ആണു തുണയായത്; അവരുടെ പേര് ഗീതു. താങ്ക് യൂ ഗീതു, നിങ്ങളുടെ സേവനങ്ങൾക്കു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു’– മാൾട്ടയുടെ പ്രധാനമന്ത്രി റോബർട്ട് അബേല പാർലമെന്റിൽ നടത്തിയ ബജറ്റ് പ്രസംഗത്തിലെ വാചകമാണിത്. ഓപ്പറേഷൻ തിയറ്റർ നഴ്സായി ഇന്ത്യയിൽ ജോലിചെയ്തിരുന്ന ഗീതു 2018 ൽ ആണു മാൾട്ടയിലെത്തുന്നത്. കോവിഡ് സമയത്ത്, വിമാനത്താവളത്തിൽ യാത്രക്കാർക്കു രോഗപരിശോധന നടത്താമോ എന്ന ചോദ്യവുമായി അധികൃതർ സമീപിച്ചു. പലരും പിന്മാറിയപ്പോൾ ഗീതു ധൈര്യപൂർവം ദൗത്യം ഏറ്റെടുത്തു. പതിയെ കോവിഡ് പരിശോധനാ ദൗത്യത്തിന്റെ പൂർണ ചുമതല ഏൽപിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ ചുമതല. ഇതോടെ, സർക്കാർതലത്തിൽ ഏറ്റവും സ്വീകാര്യതയുള്ള ആരോഗ്യപ്രവർത്തകരിലൊരാളായി ഗീതു മാറി.
ഇതിനിടെയാണ് പ്രധാനമന്ത്രി അബേലയുടെ പിതാവും മാൾട്ട മുൻ പ്രസിഡന്റുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരുക്കേറ്റത്. അദ്ദേഹത്തിന്റെ പരിചരണച്ചുമതലയ്ക്കായി ഔദ്യോഗിക വസതിയിലേക്കു ഗീതുവിനെ വിളിക്കുകയായിരുന്നു. ഒരു വർഷത്തോളം അബേല കുടുംബത്തിലൊരംഗമായി ഗീതു അവിടെ തുടർന്നു. റോബർട്ട് അബേലയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും ഗീതു തന്നെയായിരുന്നു തുണ. മകൾ ടിയാനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണു മാൾട്ടയിൽ ഗീതുവിന്റെ താമസം.



