ബോട്ടപകടത്തിൽ പരിക്കേറ്റ 14-കാരന്റെ പേരിൽ അനധികൃത പണപ്പിരിവ്; മുന്നറിയിപ്പുമായി കുടുംബം

ബഹാർ ഇച്ച്-ചാഗാക്ക് തീരത്തുണ്ടായ ദാരുണമായ ബോട്ടപകടത്തിൽ പരിക്കേറ്റ 14കാരൻ ബെൻ കാരുവാന റിസോയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി കുടുംബം.
കുടുംബത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ ചിലർ ബെന്നിന്റെ പേരിൽ പണം ശേഖരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പ്രസ്താവനയിൽ കുടുംബം അറിയിച്ചു.
“ബെന്നിന്റെ പേരിൽ പണം ശേഖരിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല. കുടുംബവുമായി സ്ഥിരീകരിക്കാതെ ഇത്തരം പണപ്പിരിവുകളിലേക്ക് ആരും സംഭാവന നൽകകരുത്,” കുടുംബം അഭ്യർഥിച്ചു.
ധനസമാഹരണം ആവശ്യമാണെങ്കിൽ കുടുംബം തന്നെ നേരിട്ട് ഔദ്യോഗികമായി അറിയിക്കുമെന്നും അവർ വ്യക്തമാക്കി.
നവംബർ എട്ടിനുണ്ടായ ദാരുണമായ ബോട്ടപകടത്തിലാണ് ബെൻ പരിക്കേറ്റത്. അപകടത്തിൽ പിതാവ് കീത്ത് കാരുവാനയ്ക്ക് ജീവൻ നഷ്ടമായിരുന്നു.
സംഭവം മാൾട്ടയിലുടനീളം വലിയ ദുഃഖത്തിനും അനുശോചനത്തിനും കാരണമായിരുന്നു. ബെനിനും കുടുംബത്തിനും പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
തുടർന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും പൊതുജനങ്ങളോട് നന്ദി അറിയിച്ച കുടുംബം, ബെൻ നേരിടുന്ന ഈ പ്രയാസകരമായ സാഹചര്യം ചിലർ ദുരുപയോഗം ചെയ്യുന്നത് തടയാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിച്ചു.
ബെന്നിന്റെ പേരിൽ ആരെങ്കിലും സംഭാവന ആവശ്യപ്പെട്ട് സമീപിക്കുകയാണെങ്കിൽ പണം നൽകുന്നതിന് മുമ്പ് കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കണമെന്നും കുടുംബം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.



