അന്തർദേശീയം

ആലിസ് ചാരവനിതയെന്നതിന് തെളിവില്ല : യു.എസ് രഹസ്യാന്വേഷണ ഏജൻസി

വാഷിങ്‌ടൺ ഡിസി : എൻവിഡിയ സ്ഥാപകൻ ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട ചാരവൃത്തി വിവാദം പുതിയ ഘട്ടത്തിലേക്ക്. ജെൻസൻ ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന ചാരവനിതയെന്ന് ആരോപിക്കപ്പെട്ട ആലിസ് ഹുവാങ് ചൈനയ്ക്കായി ചാരവൃത്തി നടത്തിയിരുന്നോ എന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈനയിലേക്ക് നിയമവിരുദ്ധമായി എ.ഐ. ചിപ്പുകൾ കടത്തിയെന്ന ആരോപണം ഉയരുകയും ജെൻസൻ ഹുവാങ് രാജിവെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.

ജെൻസൻ ഹുവാങ്ങിനെക്കുറിച്ചോ അമേരിക്കയിലെ ഉന്നത നയരൂപീകരണ വിദഗ്ധരെക്കുറിച്ചോ വിവരങ്ങൾ ചോർത്താൻ ചൈനയുടെ സുരക്ഷാ മന്ത്രാലയം ആലിസ് ഹുവാങ്ങിനെ നിയോഗിച്ചിരുന്നതായുള്ള തെളിവുകളൊന്നും ഇതുവരെ അമേരിക്കൻ ഏജൻസികൾക്ക് ലഭിച്ചിട്ടില്ലെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ആലിസ് ചൈനീസ് ചാരസംഘടനയുടെ ഏജന്റാണെന്ന വിലയിരുത്തലുകളെ സംശയനിഴലിൽ നിർത്തുന്നതാണ് പുതിയ കണ്ടെത്തലുകൾ. ആലിസ് ചൈനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറിയെന്ന് തെളിവുകളില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

അതേസമയം, ആലിസിന്റെ വ്യവസായ ബന്ധങ്ങളും എൻവിഡിയ നേതൃത്വവുമായുള്ള അടുപ്പവും ട്രംപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ വലിയ സുരക്ഷാഭീഷണിയായി കാണുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അവർക്കുണ്ടായിരുന്ന അടുപ്പവും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ.) ഈ ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

ജെൻസൻ ഹുവാങ്ങുമായി അടുത്ത ബന്ധമുള്ള ഒരാളിൽനിന്ന് ചോർന്ന വിവരങ്ങൾ ചൈനീസ് രഹസ്യാന്വേഷണ ചാനലുകളിലേക്ക് എത്തിയതായി ഒരു രഹസ്യാന്വേഷണ സന്ദേശത്തിൽ സൂചനയുണ്ടായിരുന്നു. എന്നാൽ, ഇതിന് ഉത്തരവാദി ആലിസ് തന്നെയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാനായിട്ടില്ല.

ആലിസിനുമേൽ ആരോപിക്കപ്പെടുന്ന ചാരവൃത്തിയിൽ നീതിന്യായ വകുപ്പ് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് യു.എസ്. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി. ആലിസ് ശരിക്കും ഒരു ചാരവനിതയാണോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ അനിശ്ചിതത്വം ശരിവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button