ഇസ്രായേൽ പിന്തുണ; അയർലൻഡിൽ ജോ ബൈഡന് നേരെ പാക്കറ്റ് പാല്‍ എറിഞ്ഞ് വിദ്യാര്‍ഥികളുടെ പ്രതിഷേധം

ഡബ്ലിൻ : ഇസ്രായേലിന് നൽകിയ പിന്തുണയിൽ പ്രതിഷേധിച്ച് അയർലൻഡിൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് നേരെ ഫലസ്തീൻ അനുകൂല വിദ്യാര്‍ഥികളുടെ പ്രതിഷേധം. അദ്ദേഹത്തിന് നേരെ പാക്കറ്റ് പാല്‍ എറിഞ്ഞായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ച ഡബ്ലിനിലെ പ്രശസ്തമായ ട്രിനിറ്റി കോളേജിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മകൻ ഹണ്ടർ ബൈഡന് കോളേജിലെ ഹിസ്റ്റോറിക്കൽ സൊസൈറ്റി നൽകുന്ന സ്വർണ്ണ മെഡൽ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ക്യാമ്പസിൽ എത്തിയത്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈഡൻ ക്യാമ്പസിലുണ്ടെന്ന വിവരം അറിഞ്ഞതോടെയാണ് വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്.
ചടങ്ങിന് ശേഷം ബൈഡനും കുടുംബവും മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിഷേധം രൂക്ഷമായത്. “നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്”, ”വംശഹത്യ നടത്തിയ ജോ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാർ ബൈഡന്റെ വാഹനവ്യൂഹത്തിന് നേരെ പാൽ പായ്ക്കറ്റുകളും മറ്റ് വസ്തുക്കളും വലിച്ചെറിയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കുടകൾ ഉയർത്തിപ്പിടിച്ചാണ് ബൈഡനെ സംരക്ഷിച്ചത്.
അതേസമയം സംഭവത്തിൽ ഇടപെട്ട ഐറിഷ് പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ ഒരാൾക്കെതിരെ കേസെടുക്കുകയും മറ്റ് രണ്ട് പേരെ പിന്നീട് വിട്ടയക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം, സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് അനാവശ്യമായി ബലപ്രയോഗം നടത്തിയെന്നും കുരുമുളക് സ്പ്രേ ഉപയോഗിച്ചെന്നും വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു.
അയര്‍ലന്‍ഡ് സന്ദർശനത്തിനിടെ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായും ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു.



