യൂറോപ്യൻ യൂണിയൻ വാർത്തകൾ

തെരഞ്ഞെടുക്കപ്പെട്ടാല്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കും : ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

പാരീസ് : 2027ല്‍ നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (International Criminal Cotur – ICC) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കുമെന്ന വാഗ്ദാനുമായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ‘അണ്‍ബൗഡ് ഫ്രാന്‍സ്’ (La France insoumise – LFI) പാര്‍ട്ടി നേതാവുമായ ജീന്‍-ലൂക് മെലന്‍ചോണ്‍ (Jean-Luc Melenchon).

വെള്ളിയാഴ്ച പുറത്തിറങ്ങിയ തന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രകടനപത്രിക അടങ്ങിയ ‘ദി കോമണ്‍ ഫ്യൂച്ചര്‍’ (The Common Future) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിലാണ് അദ്ദേഹം ഈ വാഗ്ദാനം മുമ്പോട്ട് വെച്ചിട്ടുള്ളത്. തുര്‍ക്കിഷ് മാധ്യമമായ അനഡോലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിരോധം, നാറ്റോ (NATO), പലസ്തീന്‍ വിഷയം ഉള്‍പ്പെടെ വിവിധ മേഖലകളെക്കുറിച്ചുള്ള ആയിരത്തോളം വാഗ്ദാനങ്ങളാണ് മെലന്‍ചോണിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

താന്‍ അധികാരത്തിലെത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് കൃത്യമായി നടപ്പിലാക്കുമെന്ന് മെലന്‍ഷോണ്‍ ഉറപ്പുനല്‍കുന്നു. നാറ്റോയുടെ സംയോജിത കമാന്‍ഡില്‍ (integrated command) നിന്ന് ഫ്രാന്‍സിനെ ഉടനടി പിന്‍വലിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

അള്‍ജീരിയന്‍ കൂട്ടക്കൊല ‘ഭരണകൂട കുറ്റകൃത്യമായി’ അംഗീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വാഗ്ദാനം. 1961 ഒക്ടോബര്‍ 17ന് പാരീസില്‍ നടന്ന സമാധാനപരമായ പ്രതിഷേധ പ്രകടനത്തിനിടെ ഫ്രഞ്ച് പൊലീസ് നൂറുകണക്കിന് അള്‍ജീരിയക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ ‘ഭരണകൂട കുറ്റകൃത്യം’ ആയി അംഗീകരിക്കണമെന്നും പ്രകടനപത്രിക ആഹ്വാനം ചെയ്യുന്നു.

ഗസ യുദ്ധവുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും സംബന്ധിച്ച ആരോപണങ്ങളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പ്രീ-ട്രയല്‍ ചേംബറിന്റെ നടപടി.

2024 മേയ് 20ന് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ നെതന്യാഹുവിനും അന്നത്തെ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. ആറ് മാസത്തിനിപ്പുറം 2024 നവംബര്‍ 21ന് ഐ.സി.സി പ്രീ-ട്രയല്‍ ചേംബര്‍ നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് പുറപ്പെടുവിക്കാനുള്ള തീരുമാനത്തില്‍ മൂന്ന് ജഡ്ജിമാരും ഏകകണ്ഠമായാണ് നിലപാടെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button