വേനൽക്കാലത്ത് ഗോസ്സോയിലെ ടൂറിസം മേഖല നേരിട്ട ഏറ്റവും വലിയ വെല്ലുവിളിവൈദ്യുതി മുടക്കം : ജി.ടി.എ സർവേ

ഗോസ്സോ ദ്വീപിലെ ടൂറിസം സ്ഥാപനങ്ങൾ ഈ വേനൽക്കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വൈദ്യുതി മുടക്കമായിരുന്നുവെന്ന് ഗോസ്സോ ടൂറിസം അസോസിയേഷൻ (GTA) നടത്തിയ സർവേ. ദ്വീപിലെ 64.6 ശതമാനം ടൂറിസം സ്ഥാപനങ്ങളും വൈദ്യുതി തടസ്സമാണ് തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ച പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിച്ചത്.
തീവ്രമായ ഉഷ്ണതരംഗത്തെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷമാണ് ഗോസോയിൽ പരക്കെ വൈദ്യുതി മുടങ്ങിയത്. ഓഗസ്റ്റിൽ ദ്വീപിന്റെ പകുതിയിലധികം പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി ഉണ്ടായിരുന്നില്ല. തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ താത്കാലിക ആശ്വാസത്തിനായി മൊബൈൽ ജനറേറ്ററുകളെയാണ് അധികൃതർ ആശ്രയിച്ചത്.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഡൈവിംഗ് സെന്ററുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, യാത്രാ ഏജൻസികൾ, ഗതാഗത ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് ജി.ടി.എ സർവേ നടത്തിയത്. 2026 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള പ്രകടനം 2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്താണ് സർവേ തയ്യാറാക്കിയത്.
പ്രധാന വെല്ലുവിളികൾ
വൈദ്യുതി മുടക്കത്തിന് തൊട്ടുപിന്നാലെ ഉയർന്ന പ്രവർത്തനച്ചെലവാണ് 63% സ്ഥാപനങ്ങളും വെല്ലുവിളിയായി ചൂണ്ടിക്കാട്ടിയത്. ഗതാഗതക്കുരുക്കും ജീവനക്കാരുടെ ക്ഷാമവും 52.3% സ്ഥാപനങ്ങളെ ബാധിച്ചപ്പോൾ, അടിസ്ഥാന സൗകര്യ വികസനവും നിർമ്മാണ പ്രവർത്തനങ്ങളും 50.77% ബിസിനസുകളെ പ്രതികൂലമായി ബാധിച്ചു. മാർഷൽഫോണിലെ (Marsalforn) റോഡ് പണികൾ (36.9%), സ്കിൽസ് പാസ് (32.3%), ഭരണപരമായ ചുവപ്പുനാട (23%) എന്നിവയാണ് മറ്റ് പ്രധാന പ്രശ്നങ്ങൾ. വേനൽക്കാലത്ത് ഒരു തരത്തിലുള്ള വെല്ലുവിളികളും നേരിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത ഒരാൾ പോലും അഭിപ്രായപ്പെട്ടില്ല.
വേനൽക്കാലത്ത് നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പൊടി, ശബ്ദമലിനീകരണം, ഗതാഗതക്കുരുക്ക് (52.6%), പാർക്കിംഗ് ബുദ്ധിമുട്ടുകൾ (49%) എന്നിവയുണ്ടായതായി സ്ഥാപനങ്ങൾ വ്യക്തമാക്കി. ഇത് സഞ്ചാരികൾക്ക് അസൗകര്യമുണ്ടാക്കുകയും (40%), സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുകയും (31.5%) ചെയ്തതോടെ 19.3% സ്ഥാപനങ്ങൾക്ക് ബുക്കിംഗുകൾ റദ്ദാക്കേണ്ടി വരികയോ വരുമാനനഷ്ടം സംഭവിക്കുകയോ ചെയ്തു.
വരുമാനത്തിലെ മാറ്റങ്ങൾ
സർവേയിൽ പങ്കെടുത്ത 47.6% സ്ഥാപനങ്ങൾ തങ്ങളുടെ വരുമാനം ശരാശരിയാണെന്ന് വിലയിരുത്തിയപ്പോൾ, 40% പേർ മികച്ചതെന്നും 12.3% പേർ മോശമെന്നും രേഖപ്പെടുത്തി. 2025-നെ അപേക്ഷിച്ച് 38.5% പേരുടെ വരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല. 36.9% പേർ വരുമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ 24.6% പേർക്ക് കുറവുണ്ടായി. വില വർദ്ധനവും (66%), ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് (56%) മികച്ച വരുമാനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ഭാവി നിർദ്ദേശങ്ങൾ
ഗോസോയെ കൂടുതൽ ദിവസം തങ്ങി താമസിക്കാൻ പറ്റിയ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തുക, യാത്രാസൗകര്യങ്ങളും ഗതാഗത നിയന്ത്രണവും മെച്ചപ്പെടുത്തുക, ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് ടൂറിസം രംഗം മെച്ചപ്പെടുത്താനായി വ്യവസായികൾ മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശങ്ങൾ. കൂടാതെ ദ്വീപിന്റെ പ്രകൃതിഭംഗിയും തനിമയും നിലനിർത്തണമെന്നും ശൈത്യകാലത്തും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.



