യൂറോപ്യൻ യൂണിയൻ വാർത്തകൾ

വ്യാഴാഴ്ചയും വ്യാജ ബോംബ് ഭീഷണി; പത്തിലധികം വിമാന സർവീസുകൾ തടസ്സപ്പെട്ടു

ബ്രസൽസ് : യൂറോപ്പിലുടനീളം വ്യാഴാഴ്ച പത്തിലധികം വിമാന സർവീസുകൾക്ക് ബോംബ് ഭീഷണി നേരിട്ടതായി റിപ്പോർട്ട്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച വീണ്ടും യൂറോപ്പിലുടനീളം വ്യോമപാതയിൽ പത്തിലധികം വിമാന സർവീസുകളെയാണ് ഭീഷണി ബാധിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചില വിമാനങ്ങൾ അടിയന്തരമായി തിരിച്ചുവിട്ടു. ചൊവ്വാഴ്ചയും സമാനമായ രീതിയിൽ ഏഴു വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.

ചൊവ്വാഴ്ച ഇറ്റലി, പോളണ്ട്, സ്പെയിൻ, ബൾഗേറിയ എന്നിവിടങ്ങളിൽ വിമാനങ്ങളിൽ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ ചൊവ്വാഴ്ചത്തെ സംഭവങ്ങൾ തമ്മിൽ ഔദ്യോഗികമായി ബന്ധമുണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങളിലെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അന്ന് വിമാനങ്ങൾ അടിയന്തരമായി ഇറക്കേണ്ടി വന്നത് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും താൽക്കാലികമായി ബാധിച്ചിരുന്നു.

വ്യാഴാഴ്ച ഡബ്ലിനിൽ നിന്ന് റോമിലേക്ക് പുറപ്പെട്ട എയർ ലിംഗസ് (Aer Lingus) വിമാനത്തിന് നേരെ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് വടക്കൻ ഫ്രാൻസിലെ എവ്രെ (Evreux) മിലിട്ടറി എയർ ബേസിലേക്ക് തിരിച്ചുവിട്ടു. ആദ്യഘട്ടത്തിൽ പാരീസ് ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം എവ്രെയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ഹെൽസിങ്കിയിൽ നിന്ന് റോമിലേക്ക് പോവുകയായിരുന്ന ഫിൻഎയർ (Finnair) വിമാനത്തെ ഇറ്റാലിയൻ യുദ്ധവിമാനങ്ങൾ അകമ്പടിയിൽ രാവിലെ 9:30-ഓടെ ഫിയുമിസിനോ (Fiumicino) വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. തുടർന്ന് പോലീസ് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

വാർസോയിൽ നിന്ന് ബ്രസൽസിലേക്ക് പോയ ലോട്ട് (LOT) വിമാനത്തിനും സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ക്രൂ അംഗങ്ങളും പിന്നീട് ലാൻഡിംഗിന് ശേഷം സുരക്ഷാ ഏജൻസികളും പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

മിലാനിൽ നിന്ന് ബുക്കാറെസ്റ്റിൽ ലാൻഡ് ചെയ്ത വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി. റൊമാനിയൻ ഇന്റലിജൻസ് സർവീസിന്റെ സ്ഫോടകവസ്തു നിർവീര്യകരണ സംഘം വിമാനത്തിൽ പരിശോധന നടത്തി. വിമാനത്താവളത്തിൽ അടിയന്തര നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും മറ്റ് സർവീസുകൾ തടസ്സമില്ലാതെ തുടർന്നു.

ഇതിനുപുറമേ, മിലാനിൽ നിന്ന് വാർസോയിലേക്കുള്ള വിമാനം വിയന്നയിലേക്കും, ലണ്ടനിൽ നിന്ന് സോഫിയയിലേക്കുള്ള റയാൻഎയർ (Ryanair) വിമാനം പ്ലോവ്ദിവിലേക്കും (Plovdiv) തിരിച്ചുവിട്ടു. കോപ്പൻഹേഗനിൽ നിന്നും മാഡ്രിഡിൽ നിന്നുമുള്ള മറ്റ് റയാൻഎയർ വിമാനങ്ങൾ സോഫിയയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button