അന്തർദേശീയം

കാനഡയിൽ നിന്ന് മടക്കിയയച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ടൊറന്റോ : കാനഡയിൽ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാർക്കെതിരായ നടപടി ശക്തമാകുന്നു. ഈ വർഷം സെപ്റ്റംബർ വരെ 4,500-ലേറെ ഇന്ത്യക്കാരെ കാനഡ മടക്കിയയച്ചതായി കണക്കുകൾ പുറത്ത്. കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരം.

ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 4,526 ഇന്ത്യക്കാരെയാണ് രാജ്യത്ത് നിന്ന് നീക്കം ചെയ്തത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വർഷം കാനഡ മടക്കിയയച്ച ആകെ 16,426 പേരിൽ 27 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്.

2020-ന് ശേഷം ഇതാദ്യമായാണ് നീക്കം ചെയ്യപ്പെടുന്നവരുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തുന്നത്. 2020-ൽ 1,424 ഇന്ത്യക്കാരെയാണ് അന്ന് മടക്കിയയച്ചത്. എന്നാൽ ഇടവർഷങ്ങളിൽ മെക്സിക്കൻ പൗരന്മാരായിരുന്നു പട്ടികയിൽ മുന്നിൽ. കഴിഞ്ഞ വർഷം 3,779 ഇന്ത്യക്കാരെ മടക്കിയയച്ചിരുന്നു, ഇതായിരുന്നു അതുവരെയുള്ള ഉയർന്ന കണക്ക്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ സ്ഥിതി കൂടുതൽ വ്യക്തമാകും. 2024ൽ ആകെ 23,160 പേരെയാണ് കാനഡ മടക്കിയയച്ചത്. അതിൽ 4,837 പേർ മെക്സിക്കോയിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇത്തവണ മെക്സിക്കോയെ മറികടന്നാണ് ഇന്ത്യൻ പൗരന്മാരുടെ എണ്ണം കുതിച്ചുയർന്നത്. വിദ്യാർഥി വിസയിലെത്തി പിന്നീട് നിയമവിരുദ്ധമായി തങ്ങുന്നവരുടെ എണ്ണം വർധിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആശങ്ക വർധിപ്പിക്കുന്ന മറ്റൊരു കണക്ക് കൂടി സിബിഎസ്എ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ മടക്കിയയക്കാൻ നടപടി നേരിടുന്ന 52,457 പേരിൽ 11,393 പേരും ഇന്ത്യക്കാരാണ്. ഇതും ഏറ്റവും ഉയർന്ന കണക്കാണ്.

കാനഡയിൽ നിന്ന് മടക്കിയയക്കുന്നതിന് മൂന്ന് തരത്തിലുള്ള ഉത്തരവുകളാണുള്ളത്. ഏറ്റവും കടുത്തത് ഡിപ്പോർട്ടേഷൻ ഓർഡറാണ്, ഇത് ലഭിച്ചാൽ പ്രത്യേക അനുമതിയില്ലാതെ പിന്നീട് കാനഡയിലേക്ക് മടങ്ങാൻ കഴിയില്ല. രണ്ടാമത്തേത് എക്സ്ക്ലൂഷൻ ഓർഡറാണ്, ഇതിൽ ഒരു വർഷത്തേക്ക് മടങ്ങാൻ കഴിയില്ലെന്ന് മാത്രമല്ല തെറ്റായ വിവരങ്ങൾ നൽകിയാൽ അഞ്ച് വർഷം വരെ വിലക്കും ലഭിക്കും. മൂന്നാമത്തേത് ഡിപ്പാർച്ചർ ഓർഡറാണ്, ഇത് ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ രാജ്യം വിടണം അല്ലെങ്കിൽ അത് ഡിപ്പോർട്ടേഷൻ ഓർഡറായി മാറും.

വിസ കാലാവധി കഴിഞ്ഞും തുടരുക, തെറ്റായ രേഖകൾ നൽകി അഭയാർഥി അപേക്ഷ നൽകുക, പഠനത്തിനെത്തിയ ശേഷം നിയമവിരുദ്ധമായി ജോലി ചെയ്യുക തുടങ്ങിയ കാരണങ്ങളാണ് കൂടുതൽ പേരെയും കുടുക്കുന്നത്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി കടുപ്പിച്ചതെന്നും നിയമം അനുസരിച്ച് എത്തുന്നവരോട് നീതി പുലർത്താൻ ഇത് അനിവാര്യമാണെന്നും സിബിഎസ്എ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button