മാൾട്ടാ വാർത്തകൾ

വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ 140 മില്യൺ യൂറോ നിക്ഷേപം നടത്തി; കണക്കുകൾ പുറത്തുവിട്ട് ഊർജമന്ത്രി

വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനായി 140 മില്യൺ യൂറോ നിക്ഷേപിച്ചതായി ഊർജമന്ത്രി മിറിയം ദല്ലി പാർലമെന്റിൽ അറിയിച്ചു. 270 കിലോമീറ്ററിലധികം പുതിയ കേബിളുകൾ സ്ഥാപിക്കൽ, 208 സബ്‌സ്റ്റേഷനുകൾ നിർമിക്കൽ, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.

നാഷണലിസ്റ്റ് പാർട്ടി എംപി മാർക്ക് ആന്റണി സമ്മുട്ടിന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രി നിക്ഷേപത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

നിക്ഷേപത്തിൽ 49.1 മില്യൺ യൂറോ ലോ വോൾട്ടേജ് സംവിധാനത്തിനും 46.7 മില്യൺ യൂറോ മീഡിയം വോൾട്ടേജ് സംവിധാനത്തിനും 3.4 മില്യൺ യൂറോ ഹൈ വോൾട്ടേജ് സംവിധാനത്തിനുമായി ചെലവഴിച്ചു. കൂടാതെ, വൈദ്യുതി വിതരണ കേന്ദ്രങ്ങൾക്കായി 29.5 മില്യൺ യൂറോയും മറ്റ് പ്രവൃത്തികൾക്കായി 12.1 മില്യൺ യൂറോയും വിനിയോഗിച്ചു.

മോസ്റ്റ, കിർകോപ്പ്, ബുഗിബ്ബ, സെന്റ് ആൻഡ്രൂസ് എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനായി അവ വികസിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തു.

മാൾട്ടയിൽ190 പുതിയ സബ്‌സ്റ്റേഷനുകളും ഗോസോയിൽ 18 സബ്‌സ്റ്റേഷനുകളും സ്ഥാപിച്ചതും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, 260-ലധികം ട്രാൻസ്‌ഫോർമറുകൾ നവീകരിക്കുകയും 120-ലധികം സ്വിച്ച്‌ഗിയർ യൂണിറ്റുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു. 875 പുതിയ ലോ വോൾട്ടേജ് ഫീഡറുകളും സ്ഥാപിച്ചു.

140 മില്യൺ യൂറോയുടെ ചെലവിനെക്കുറിച്ച് വിശദമായ കണക്ക് നൽകണമെന്നായിരുന്നു എംപി സമ്മുട്ടിന്റെ ആവശ്യം. വാങ്ങിയ കേബിളുകളുടെ എണ്ണം, അവയുടെ വില, സ്ഥാപിക്കുന്നതിനുള്ള ചെലവ്, റോഡുകൾ കുഴിക്കുന്നതിനും പുനർനിർമിക്കുന്നതിനുമായി ചെലവഴിച്ച തുക എന്നിവയുടെ പ്രത്യേക കണക്കുകളും അദ്ദേഹം തേടിയിരുന്നു.

എന്നാൽ, മന്ത്രിയുടെ മറുപടിയിൽ ലോ, മീഡിയം, ഹൈ വോൾട്ടേജ് സംവിധാനങ്ങൾ, വൈദ്യുതി വിതരണ കേന്ദ്രങ്ങൾ, മറ്റ് പ്രവൃത്തികൾ എന്നിവ തിരിച്ചുള്ള ചെലവുകളാണ് വ്യക്തമാക്കിയത്. കേബിളുകൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള ചെലവുകളും റോഡ് കുഴിക്കൽ, പുനർനിർമാണം എന്നിവയ്ക്കുള്ള തുകയും പ്രത്യേകം വെളിപ്പെടുത്തിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button