ക്രിസ്മസ് ഷോപ്പിങ് നേരത്തെയാക്കാം; നവംബർ മുതൽ ഇയുവിന് പുറത്തുനിന്നുള്ള ചെറിയ പാഴ്സലുകൾക്ക് €2 അധിക ഫീസ്

യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക ‘ഹാൻഡ്‌ലിംഗ് ഫീ’ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു.
‘യൂണിയൻ ഹാൻഡ്‌ലിംഗ് ഫീ’ (Union Handling Fee) എന്ന പേരിൽ അറിയപ്പെടുന്ന ഈ തുക പാർസല ഒന്നിന് 2 യൂറോ ആയിരിക്കുമെന്ന് മാൾട്ടപോസ്റ്റ് (MaltaPost) പ്രാദേശിക മാധ്യമമായ മാൾട്ടടുഡേയോട് വ്യക്തമാക്കി. ചെറിയ പാർസലുകൾ പ്രൊസസ്സ് ചെയ്യുമ്പോൾ കസ്റ്റംസ് അധികൃതർക്കുണ്ടാകുന്ന ചെലവുകൾ നികത്തുന്നതിനാണ് ഈ പുതിയ നിരക്ക് ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ജൂലൈ 1 മുതൽ നിലവിൽ വന്ന 3 യൂറോയുടെ താൽക്കാലിക കസ്റ്റംസ് ഡ്യൂട്ടിക്ക് പുറമെയുള്ള നിരക്കാണ്.
“ജൂലൈയിൽ ഏർപ്പെടുത്തിയ 3 യൂറോയ്ക്ക് പുറമെ ഉപഭോക്താക്കൾ വാറ്റ് (VAT) നൽകേണ്ടതുണ്ട്. ഇതിനുപുറമേയാണ് ഈ വർഷം നവംബർ മുതൽ 2 യൂറോയുടെ അധിക ഫീ യൂറോപ്യൻ യൂണിയൻ ചുമത്തുന്നത്,” മാൾട്ടപോസ്റ്റ് പ്രതിനിധി വ്യക്തമാക്കി. എന്നാൽ ഈ 2 യൂറോ ഫീ ഓരോ സാധനത്തിനും വേറെയാണോ അതോ പ്രൊഡക്റ്റ് ടൈപ്പ് അടിസ്ഥാനമാക്കിയാണോ ഈടാക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സെപ്റ്റംബർ 19-ന് പ്രസിദ്ധീകരിച്ച പുതിയ യൂണിയൻ കസ്റ്റംസ് കോഡ് (UCC) ആണ് ഈ രണ്ട് നിരക്കുകൾക്കുമുള്ള നിയമപരമായ അടിത്തറ പാകിയത്. ഇതിൽ 3 യൂറോയുടെ ഡ്യൂട്ടി താൽക്കാലികമാണ്. ഇത് 2028 ജൂലൈ വരെ മാത്രമായിരിക്കും പ്രാബല്യത്തിലുണ്ടാവുക. തുടർന്ന് സാധാരണ കസ്റ്റംസ് ഡ്യൂട്ടികൾ പുനഃസ്ഥാപിക്കും. എന്നാൽ 2 യൂറോയുടെ ഹാൻഡ്‌ലിംഗ് ഫീ സ്ഥിരമായ സംവിധാനമായി തുടരും.
യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് സംവിധാനം കൂടുതൽ ഡിജിറ്റലാക്കാനും, ഇ-കോമേഴ്‌സ് രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയും അന്താരാഷ്ട്ര വ്യാപാര വെല്ലുവിളികളും കാര്യക്ഷമമായി നേരിടാനുമാണ് ഈ പരിഷ്കാരങ്ങൾ. ഇതിന്റെ ഭാഗമായി ഫ്രാൻസിലെ ലില്ലെ കേന്ദ്രീകരിച്ച് സെപ്റ്റംബർ 20-ന് പുതിയ ഇയു കസ്റ്റംസ് അതോറിറ്റി (EUCA) രൂപീകരിച്ചു. ഈ അതോറിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രീകൃത ഐടി സംവിധാനമായ ‘ഇയു കസ്റ്റംസ് ഡാറ്റാ ഹബ്’ വികസിപ്പിച്ചുവരികയാണ്. 2028 ജൂലൈ 1 മുതൽ ഇ-കോമേഴ്‌സ് ആവശ്യങ്ങൾക്കായി ഇത് പൂർണ്ണമായി പ്രവർത്തനസജ്ജമാകും.
വ്യത്യസ്ത രാജ്യങ്ങളിലെ ചിതറിക്കിടക്കുന്ന കസ്റ്റംസ് ഡാറ്റാബേസുകൾക്ക് പകരം ഈ ഏകീകൃത സംവിധാനം വരുന്നതോടെ അംഗരാജ്യങ്ങൾക്ക് പ്രവർത്തനച്ചെലവിൽ പ്രതിവർഷം 2.3 ബില്യൺ യൂറോയുടെയും വ്യാപാരികൾക്ക് 2.58 ബില്യൺ യൂറോയുടെയും സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
നവംബർ 1 മുതൽ പുതിയ യൂണിയൻ ഹാൻഡ്‌ലിംഗ് ഫീ പ്രാബല്യത്തിൽ വരുമെന്നതിനാൽ, യൂറോപ്യൻ യൂണിയന് പുറത്തുനിന്നും ക്രിസ്മസ് സമ്മാനങ്ങളോ മറ്റ് സാധനങ്ങളോ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ ഓർഡറുകൾ നേരത്തെയാക്കുന്നതാണ് അഭികാമ്യം. പുതിയ നിയമം നിലവിൽ വരും മുൻപ് സാധനങ്ങൾ ഇയു അതിർത്തിക്കുള്ളിൽ എത്തുമാറ് നേരത്തെ ഓർഡർ ചെയ്താൽ ഈ അധിക നിരക്കിൽ നിന്ന് ഒഴിവാകാം. എങ്കിലും സാധനങ്ങൾ എത്തിച്ചേരാൻ എടുക്കുന്ന സമയവും കസ്റ്റംസിൽ എത്തുന്ന തീയതിയും ഉപഭോക്താക്കൾ കണക്കിലെടുക്കേണ്ടതുണ്ട്.



