കൊളംബിയയിൽ സൈനിക കേന്ദ്രത്തിന് നേരെ വിമതസേനകളുടെ ഡ്രോൺ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു

സാന്താ റോസ ഡെൽ സൂർ :വടക്കൻ കൊളംബിയയിലെ സ്വര്‍ണ ഖനികളാൽ സമ്പന്നമായ സാൻ ലൂക്കാസ് പര്‍വത നിരകളിൽ സ്ഥിതി ചെയ്യുന്ന സാന്താ റോസ സൈനിക ക്യാമ്പിന് നെരെ വിമത സേനയുടെ ഡ്രോൺ ആക്രമണം. മൂന്ന് സൈനികർ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിമത സേനകളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
അക്രമികളെ വെറുതെ വിടില്ലെന്ന് കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല എക്സ് മീഡിയയിൽ കുറിച്ചു. ഈ പ്രദേശത്തിന്റെ ആധിപത്യത്തിനായി ‘ഗൾഫ് ക്ലാൻ’, ‘നാഷണൽ ലിബറേഷൻ ആർമി’, മുൻ ഫാർക്ക് വിമതരുടെ നേതൃത്വത്തിലുള്ള ചെറുസംഘങ്ങൾ എന്നിവർ തമ്മിൽ ദീർഘകാലമായി പരസ്പരന തർക്കവും അക്രമങ്ങളും നിലനിൽക്കുന്നുണ്ട്.
ഓഗസ്റ്റിലാണ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല അധികാരമേറ്റത്. ഇതിന് ശേഷം ഗ്രാമപ്രദേശങ്ങളിലും പര്‍വത മേഖലകളിലും വ്യാപകമായ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. മുൻ സര്‍ക്കാരിൽ നിന്നും വ്യത്യസ്തമായി വിമത വിഭാഗങ്ങളുമായി നടത്തിയിരുന്ന ചര്‍ച്ചകൾ നിര്‍ത്തി വെച്ചിരിക്കയാണ്. ഇവരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. വിവിധ സായുധ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും സൈന്യത്തിന് നേരെ ആക്രമണം വർധിപ്പിച്ചിരിക്കയാണ്.
കഴിഞ്ഞ ആഴ്ച ടോളിമ പ്രവിശ്യയിലെ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിൽ നാല് സിവിലിയന്മാർ കൊല്ലപ്പെട്ടിരുന്നു. അതിർത്തി നഗരമായ കുകുട്ടയിലും പോലീസിന് നേരെ തുടർച്ചയായി ബോംബാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



