ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെന്ന നേട്ടം കൈവരിച്ച് ജോര്‍ജിയ മെലോണി

റോം : രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റാലിയൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിയായിരിക്കുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി ജോർജിയ മെലോണി. 1,413 ദിവസങ്ങൾ തുടർച്ചയായി അധികാരത്തിലിരുന്നാണ് ജോർജിയ മെലോണി ഈ നേട്ടം കൈവരിച്ചത്. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ തുടർച്ചയായ ഭരണകാലയളവിലെ റെക്കോർഡാണ് മെലോണി മറികടന്നത്. തെക്കന്‍ ഇറ്റലിയിലെ ബാരിയില്‍ ഒരു റാലി സംഘടിപ്പിച്ചുകൊണ്ടാണ് മെലോണിയുടെ പാര്‍ട്ടിയായ ‘ബ്രദേഴ്സ് ഒഫ് ഇറ്റലി’ മെലോണിയുടെ നേട്ടം ആഘോഷിച്ചത്.
രാഷ്ട്രീയ അസ്ഥിരതയ്ക്ക് പേരുകേട്ട ഇറ്റലിയിൽ സ്വന്തം സർക്കാരിന് ദീർഘകാല സുസ്ഥിരത ഉറപ്പാക്കാൻ മെലോണിക്ക് സാധിച്ചു. 2022 ഒക്‌റ്റോബറില്‍ അധികാരമേല്‍ക്കുമ്പോള്‍, ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മെലോനി. നിയോ-ഫാസിസ്റ്റ് വേരുകളുള്ള ഒരു പാര്‍ട്ടി നയിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ കൂടിയായിരുന്നു അവരുടേത്. അതിനാല്‍ത്തന്നെ, യൂറോപ്യന്‍ സഖ്യകക്ഷികളും സാമ്പത്തിക വിപണികളും അവരെ ആശങ്കയോടെയാണ് വീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രായോഗികമായ സമീപനത്തോടെയാണ് മെലോണി ഭരണം മുന്നോട്ട് കൊണ്ടുപോയത്. റഷ്യയുടെ സമ്പൂര്‍ണ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നുള്ള പിന്തുണ അവര്‍ നിരന്തരം നിലനിര്‍ത്തി. ഒപ്പം യൂറോപ്യന്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും സാമ്പത്തിക അച്ചടക്കം പാലിക്കുകയും ചെയ്തു.



