തായ്ലാൻഡിൽ സ്കൂളിൽ വെടിവയ്പ്പ്; എട്ട് പേർ കൊല്ലപ്പെട്ടു

ബാങ്കോക്ക് : തായ്ലാൻഡിലെ ഒരു ഹൈസ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർഥികളുമാണ് മരിച്ചത്. 15 പേർക്ക് പരുക്കേറ്റു. രാജ്യതലസ്ഥാനമായ ബാങ്കോക്കിന്റെ വടക്കുപടിഞ്ഞാറുള്ള നോന്തബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്തബുരി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം.
പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പ് നടത്തിയ വിദ്യാർഥിയെയും പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ല. ക്ലാസ് നടക്കവേയാണ് വെടിവയ്പ്പ് നടന്നത്. ക്ലാസ്മുറികളിൽ ഒളിച്ചിരുന്നാണ് വിദ്യാർഥികളിൽ പലരും വെടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ തായ്ലാൻഡ് പ്രധാനമന്ത്രി അനുതിൻ ചാൻവിരകുൽ അനുശോചനം രേഖപ്പെടുത്തി.
തായ്ലാൻഡിൽ ഉണ്ടായ സ്കൂൾ വെടിവയ്പ്പ് സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. സ്കൂളിൽ വെടിവയ്പ്പ് നടത്തുന്നതിന് മുൻപ് പ്രതിയായ വിദ്യാർഥി തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിൽ വച്ച് വെടിവച്ച് കൊന്നതായി പൊലീസ് വെളിപ്പെടുത്തി. സ്കൂളിലേക്ക് പോകുന്നതിന് മുൻപാണ് പ്രതി വീട്ടിൽ വച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. 18കാരനായ വിദ്യാർഥിയാണ് വെടിവയ്പ്പ് നടത്തിയത്. തുടർന്ന് ഇയാൾ സ്വയം വെടിവച്ച് മരിച്ചതായും പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് വിദ്യാർഥിയുടെ കുടുംബാംഗത്തിൽനിന്ന് എടുത്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3100 വിദ്യാർഥികളും 147 അധ്യാപകരുമാണ് സ്കൂളിലുള്ളത്. ഈ വർഷം തായ്ലാൻഡിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്കൂൾ വെടിവയ്പ്പാണിത്.
സമീപ വർഷങ്ങളിൽ തായ്ലാൻഡിൽ നിരവധി മാരകമായ കൂട്ട വെടിവയ്പ്പുകൾ ഉണ്ടായിട്ടുണ്ട്. 2025ൽ ബാങ്കോക്ക് മാർക്കറ്റ് ഉണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. 2023ൽ ബാങ്കോക്കിലെ ആഡംബര ഷോപ്പിങ് മാളിലും 2022ൽ വടക്കുകിഴക്കൻ തായ്ലാൻഡിലെ ഡേകെയർ സെന്ററിലും വെടിവയ്പ്പ് നടന്നിരുന്നു. 2022ലെ സംഭവത്തിൽ 22 കുട്ടികളുൾപ്പെടെ 36 പേർ കൊല്ലപ്പെട്ടിരുന്നു.



