മാൾട്ടാ വാർത്തകൾ

ഡോം മിന്റോഫിന്റെ ജന്മവാർഷികം; ആദരമർപ്പിച്ച് ലേബർ പാർട്ടി

മുൻ പ്രധാനമന്ത്രിയും ലേബർ പാർട്ടിയുടെ മുൻ നേതാവുമായ ഡോം മിന്റോഫിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കി ലേബർ പാർട്ടി. മാൾട്ടയുടെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാവാണ് മിന്റോഫ്. അദ്ദേഹത്തിന്റെ 110-ാം ജന്മവാർഷിക ദിനമായിരുന്നു ഇന്നലെ വൈ .

കോസ്പിക്വയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ റോബർട്ട് അബെല, പാർട്ടി ഭാരവാഹികൾക്കൊപ്പം പങ്കെടുത്ത് ഡോം മിന്റോഫിന് ആദരാഞ്ജലികൾ അർപ്പിച്ചു. കോസ്പിക്വയിലെ അദ്ദേഹത്തിന്റെ സ്മാരകത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.

1947-ൽ ലേബർ പാർട്ടിയിലൂടെയാണ് പെരിറ്റ് മിന്റോഫ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ടു വർഷത്തിനുശേഷം, 1949-ൽ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1984 വരെ ആ പദവിയിൽ തുടർന്നു. 1955 മുതൽ 1958 വരെയും പിന്നീട് 1971 മുതൽ 1984 വരെയും അദ്ദേഹം മാൾട്ടയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാരുകൾ മാൾട്ടയിൽ വൻ സാമ്പത്തിക, സാമൂഹിക പുരോഗതിയാണ് കൊണ്ടുവന്നതെന്ന് ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.

“അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാണ് മാൾട്ട ഒരു റിപ്പബ്ലിക്കായി മാറിയതും സ്വാതന്ത്ര്യദിനം കൈവരിച്ചതും. ഐക്യദാർഢ്യം, സാമൂഹിക നീതി, മാൾട്ടീസ് ദമ്പതികൾക്കും കുടുംബങ്ങൾക്കും കൂടുതൽ അവസരങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം പടുത്തുയർത്താൻ അദ്ദേഹത്തിന് സാധിച്ചു,” നേതാക്കൾ പറഞ്ഞു.

ആധുനിക മാൾട്ടയുടെ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ അടിത്തറ പാകിയത് മിന്റോഫ് സർക്കാരുകളുടെ കാലത്താണെന്നും അവർ കൂട്ടിച്ചേർത്തു.

പുരോഗതി, സമത്വം, സാമൂഹ്യനീതി എന്നീ ഡോം മിന്റോഫിന്റെ പാരമ്പര്യ മൂല്യങ്ങൾ സംരക്ഷിക്കാനും കൂടുതൽ ശക്തിപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ലേബർ പാർട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button