യൂറോപ്യൻ യൂണിയൻ വാർത്തകൾ

നായയുടെയത്ര പോലും ഉയരമില്ലാത്ത കുതിര; ലോകത്തിലെ ഏറ്റവും ചെറിയ കുതിരയെന്ന ഗിന്നസ് റെക്കോർഡ് ഇനി ‘പുമുക്കലി’ന്

ബർലിൻ : ഒരു ശരാശരി നായയുടെയത്ര പോലും ഉയരമില്ലാത്ത കുതിരയെ സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ കണ്ടോളൂ, ജർമ്മനിയിൽ നിന്നുള്ള ‘പുമുക്കൽ’ എന്ന ഈ മിനിയേച്ചർ ഷെറ്റ്‌ലാന്റ് കുതിരയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും ഗിന്നസ് ബുക്കിലെയും താരം. വെറും 52.6 സെന്റിമീറ്റർ (21.1 ഇഞ്ച്) മാത്രം ഉയരമുള്ള പുമുക്കൽ, ലോകത്തിൽ നിലവിൽ ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ ആൺകുതിരയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.

2025 ആഗസ്റ്റ് 16ന് ജർമ്മനിയിലെ ബ്രെക്കർഫെൽഡിൽ വെച്ച് നടത്തിയ ഔദ്യോഗിക അളവെടുപ്പിന് ശേഷമാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഈ അപൂർവ്വ നേട്ടം സ്ഥിരീകരിച്ചത്. പോളണ്ടിലെ ‘ബോംബൽ’ എന്ന കുതിരയുടെ പേരിലായിരുന്ന (56.7 സെ.മീ) മുൻ റെക്കോർഡിനേക്കാൾ നാല് സെന്റിമീറ്ററിലധികം ഉയരം കുറവാണ് പുമുക്കലിന്.

കരോള വൈഡ്മാൻ (Carola Weidemann) എന്ന വനിതയുടെ ഫാമിലാണ് ഈ കുഞ്ഞൻ കുതിര താമസിക്കുന്നത്. 2020-ൽ വെറും അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് കരോള പുമുക്കലിനെ കണ്ടെത്തുന്നത്. അന്ന് 47 സെന്റിമീറ്റർ ഉയരവും 20 കിലോയിൽ താഴെ ഭാരവുമുണ്ടായിരുന്ന പുമുക്കൽ വളരുമെന്നാണ് കരുതിയതെങ്കിലും ഉയരം അധികം വച്ചില്ല. കൃത്രിമമായി വലിപ്പം കുറച്ച് പ്രജനനം നടത്തിയതല്ലെന്നും പ്രകൃതിദത്തമായ ജനിതക പ്രത്യേകത കൊണ്ടാണ് ഇവൻ കുഞ്ഞനായി തുടരുന്നതെന്നും ഉടമ വ്യക്തമാക്കുന്നു.

വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും അതീവ ആത്മവിശ്വാസവും സൗഹൃദമനോഭാവവുമുള്ള പുമുക്കൽ ഒരു മികച്ച തെറാപ്പി കുതിരയായി പരിശീലനം നേടിയിട്ടുണ്ട്. സ്കൂളുകൾ, വയോജന കേന്ദ്രങ്ങൾ, ഹോസ്പീസുകൾ, പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ആളുകൾക്ക് മാനസിക സന്തോഷവും ആശ്വാസവും നൽകുകയാണ് പുമുക്കലിന്റെ പ്രധാന ജോലി.

കുട്ടികളോട് പ്രത്യേക സ്നേഹം കാണിക്കുന്ന പുമുക്കലിന് ആപ്പിളും കാരറ്റും കഴിക്കുന്നതും ആളുകളുടെ ശ്രദ്ധാകേന്ദ്രമാകുന്നതുമാണ് ഏറെ ഇഷ്ടം. ചെറിയ ശരീരവും സ്നേഹനിർഭരമായ സ്വഭാവവും കൊണ്ട് ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഈ കുഞ്ഞു കുതിര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button