സൗദി അറേബ്യയിലെ അല്‍ഉല മരുഭൂമി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായി ‘അത്ഭുത കാഴ്ച’ ആനപ്പാറ

റിയാദ് : 2019 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നതിനുശേഷം സൗദി അറേബ്യയിലെ അല്‍ഉല മരുഭൂമി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നു. മരുഭൂമിയുടെ അഭിമാനമായ എലിഫന്റ് റോക്ക് (ജബല്‍ അല്‍ ഫീല്‍) വേനല്‍ക്കാലത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഏകദേശം 52 മീറ്റര്‍ (170 അടി) ഉയരമുള്ള ഈ പാറയും ചുറ്റുമുള്ള ചുവന്ന മണല്ക്കല് രൂപങ്ങളും ലക്ഷക്കണക്കിന് വര്‍ഷങ്ങളായി കാറ്റും മഴയും മരുഭൂമിയിലെ പ്രകൃതിക്ഷയവും ചേര്‍ന്നാണ് രൂപപ്പെട്ടത്.
ദൂരെനിന്ന് നോക്കിയാല്‍ തുമ്പിക്കൈ നിലത്തൂന്നി നില്ക്കുന്ന ഭീമന് ആനയെന്ന് തോന്നും. അടുത്തെത്തുമ്പോഴാണ് ആനയുടെ രൂപം കൈവന്ന പ്രകൃതിയുടെ അദ്ഭുതസൃഷ്ടിയാണെന്നും തിരിച്ചറിയുക. സൂര്യന് മറയുമ്പോള്‍ എലിഫന്റ് റോക്കിന്റെ ഭാവവും മാറും. സ്വര്ണനിറത്തില് നിന്ന് ഓറഞ്ചിലേക്കും പിന്നീട് കടുംചുവപ്പിലേക്കും മാറും. മരുഭൂമിയിലെ രാത്രി കാലങ്ങളിലെ തെളിഞ്ഞ ആകാശം നക്ഷത്രനിരീക്ഷണത്തിന് അപൂര്‍വ അനുഭവം സമ്മാനിക്കുന്നു.
വൈകുന്നേരങ്ങളിലും രാത്രിയുമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന സമയം. സന്ദര്‍ശകരുടെ സൗകര്യത്തിനായി തുറസ്സായ ഇരിപ്പിടങ്ങള്‍, കഫേകള്‍, ഭക്ഷണശാലകള്‍,നടപ്പാതകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. യുനെസ്കോ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച അല്‍ഉലയിലെ ചരിത്രസ്മാരകങ്ങള്‍, ഹെഗ്ര (മദാഇന്‍ സാലിഹ്),പുരാതന ശവകുടീരങ്ങള്‍, താഴ്വരകള്‍ എന്നിവയ്ക്കൊപ്പം എലിഫന്റ് റോക്കും രാജ്യത്തെ പ്രധാന വിനോദസഞ്ചാര ഇടമായി മാറി.
https://www.instagram.com/reel/DNQu0dHiK5D/?utm_source=ig_web_button_share_sheet



