1,271 ജീവനക്കാരെ പിരിച്ചുവിട്ട് കാന്‍വ

ഒട്ടാവ : ഓസ്ട്രേലിയന്‍ ഡിസൈന്‍ പ്ലാറ്റ്ഫോമായ കാന്‍വ 1,271 ജീവനക്കാരെ പിരിച്ചുവിടുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജോലിയിൽ നിന്ന് പുറത്താകുന്ന ജീവനക്കാർക്ക് ആറ് മാസത്തെ ശമ്പളവും മാക്ബുക്ക് സിസ്റ്റവും ലിങ്ക്ഡ്ഇൻ പ്രീമിയവും ഉൾപ്പെടെ നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ജോലി വിടേണ്ടിവരുന്ന ഓരോ ജീവനക്കാരനും കുറഞ്ഞത് ആറുമാസത്തെ ശമ്പളം നല്‍കും. നിയമപരമായ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയായിരിക്കും ഈ തുക. ജീവനക്കാര്‍ ഏത് രാജ്യത്താണെന്ന വ്യത്യാസമില്ലാതെയാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, കമ്പനി നല്കിയ മാക്ബുക്കുകളും ജീവനക്കാര്‍ക്ക് കൈവശം വയ്ക്കാം. സാമ്പത്തിക നഷ്ടപരിഹാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു ആനുകൂല്യമായി തോന്നാമെങ്കിലും ജോലി നഷ്ടപ്പെടുന്ന ഘട്ടത്തില്‍ ഇത് ചെറിയ രീതിയിലെങ്കിലും സഹായമാണെന്ന് പല ജീവനക്കാരും അഭിപ്രായപ്പെടുന്നത്. ജീവനക്കാരുടെ ഓഹരി ആനുകൂല്യങ്ങളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സാധാരണയായി ബാധകമായ ഒരു വര്‍ഷത്തെ വെയ്റ്റിങ് കാലയളവ് ഒഴിവാക്കും. ഇതോടെ അല്ലാത്തപക്ഷം ലഭിക്കാതെ പോകുമായിരുന്ന ഓഹരി ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും.
ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ ലിങ്ക്ഡ്ഇന്‍ പ്രീമിയം സബ്സ്ക്രിപ്ഷനും കമ്പനി നല്‍കും. ഇതിനുപുറമെ പുതിയ ജോലി കണ്ടെത്താന്‍ സഹായിക്കുന്ന പ്രത്യേക കരിയര്‍ പിന്തുണയും ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത കരിയര്‍ പരിശീലനം, ജോലി അഭിമുഖങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്, ബയോഡാറ്റ പരിശോധിച്ച് മെച്ചപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ ഇതിന്റെ ഭാഗമാണ്.
2026 നവംബര്‍ നാലിനാണ് പിരിച്ചുവിടല്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടത്. പുനഃസംഘടനയുടെ ഭാഗമായി കമ്പനിയിലെ ഏകദേശം 22 ശതമാനം ജീവനക്കാരെയും ഈ തീരുമാനം ബാധിക്കും. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവര്ക്കും ജോലി നഷ്ടമാകണമെന്നില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ചിലരുടെ ജോലി ചുമതലകളില്‍ മാറ്റമുണ്ടാകും. മറ്റു ചിലരെ ഹെഡ ഓഫീസുകളിലേക്ക് മാറ്റാനുമാണ് തീരുമാനം.
കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ മെലാനി പെര്‍കിന്‍സ്, കാന്‍വയുടെ 13 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണിതെന്ന് പ്രതികരിച്ചു. കമ്പനിയെ ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ ജീവനക്കാരുടെ കഴിവും സര്‍ഗാത്മകതയും ആത്മാര്‍ഥതയും ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.



