അന്തർദേശീയം

ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം

അബുദാബി : ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതം സമ്മാനം നേടിയത്. മലയാളികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പന്‍ എന്നിവരാണ് ഭാഗ്യം തുണച്ച മലയാളികള്‍.

മൊത്തം ഒരു ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് നല്‍കിയത്. രണ്ടു മലയാളികളും ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും ഡൊമിനിക്കന്‍ സ്വദേശിയുമാണ് വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.

മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button