Uncategorized

മംദാനിയുടെ ഫിഫ ഓഫര്‍ : 50 ഡോളറിന് 1000 പേര്‍ക്ക് ടിക്കറ്റ്; ലോകകപ്പ് സമ്പന്നര്‍ക്കു മാത്രമാകരുതെന്ന് മേയര്‍

ന്യൂയോര്‍ക്ക് : ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി ഫിഫയുമായി ധാരണയിലെത്തി. ലോട്ടറി സംവിധാനത്തിലൂടെ 50 ഡോളര്‍ വിലയുള്ള 1,000 ടിക്കറ്റുകളാണ് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് മംദാനി വാഗ്ദാനം ചെയ്യുന്നത്.

അഞ്ച് ഗ്രൂപ്പ് മത്സരങ്ങള്‍, ഒരു റൗണ്ട്ഓഫ് തുടങ്ങിയവയും ഓഫറില്‍ ഉള്‍പ്പെടുന്നു. പക്ഷേ ജൂലൈ 19ന് നടക്കുന്ന ലോകകപ്പ് ഫൈനലില്‍ പദ്ധതി ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവില്‍ ഫിഫയുടെ ഔദ്യോഗിക വില്‍പ്പന പ്രക്രിയയിലൂടെ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ടിക്കറ്റുകളാണ് 50 ഡോളറിന്റേത്. ബാലറ്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന ആരാധകര്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് സൗജന്യ റൗണ്ട് ട്രിപ്പ് ബസ് സര്‍വീസുമുണ്ടായിരിക്കും.

2026 ഫിഫ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ന്യൂയോര്‍ക്കും പ്രധാന വേദികളിലൊന്നായതിനാല്‍ സാധാരണ ജനങ്ങള്‍ക്കും ലോകകപ്പ് കാണാന്‍ അവസരം ലഭിക്കണമെന്നാണ് മംദാനിയുടെ നിലപാട്. ‘ലോകകപ്പ് സമ്പന്നര്‍ക്കു മാത്രമാകരുത്’ എന്ന സന്ദേശത്തോടെയാണ് മേയര്‍ പദ്ധതി അവതരിപ്പിച്ചത്.

ഇതിനായി സര്‍ക്കാരും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് പ്രത്യേക ഫണ്ട് രൂപീകരിക്കും. നൂറുകണക്കിന് ഡോളറുകളാണ് സാധാരണ ഫിഫ ലേകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വില. ഈ സാഹചര്യത്തില്‍, 50 ഡോളറിന് ടിക്കറ്റ് നല്‍കുമെന്ന വാഗ്ദാനം വലിയ ശ്രദ്ധ നേടുകയാണ്. ലോകകപ്പ് ആവേശം രാഷ്ട്രീയ വേദിയിലേക്കും എത്തിച്ച മംദാനിയുടെ പ്രഖ്യാപനം അമേരിക്കന്‍ രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button