യൂറോപ്യൻ യൂണിയൻ വാർത്തകൾ

കാബിൻ ക്രൂവിന്റെ ചിത്രങ്ങളോ വിഡിയോകളോ അനുമതിയില്ലാതെ പകർത്തുന്നതിൽ ബ്രിട്ടീഷ് എയർവേയ്സിൽ വിലക്ക്

ലണ്ടൻ : അനുമതിയില്ലാതെ ജീവനക്കാരുടെ ചിത്രങ്ങളും വിഡിയോകളും പകർത്തുന്നതിന് വി​ലക്കുമായി ബ്രിട്ടീഷ് എയർവേയ്സ്. ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സമൂഹമാധ്യമ ഉള്ളടക്ക ദുരുപയോഗം തടയുന്നതിനുമാണ് നീക്കം.

പുതിയ നിയമ​പ്രകാരം, സമ്മതമില്ലാതെ ബ്രിട്ടീഷ് എയർവേയ്സ് ക്രൂവിന്റെ ചിത്രങ്ങളും വിഡിയോകളും യാത്രക്കാർ പകർത്തുന്നത് നിരോധിച്ചിരിക്കുന്നു. ഫോണുകൾ, ഡിജിറ്റൽ കാമറകൾ മാത്രമല്ല, മെറ്റാ എ.ഐ ഗ്ലാസുകൾ, ഗോപ്രോ-സ്റ്റൈൽ ക്യാമറകൾ പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങളും ഉപയോഗിച്ച് ജീവനക്കാരുടെ ചിത്രങ്ങൾ പകർത്താൻ പാടില്ല.

വിമാന യാത്രക്കാർ ജീവനക്കാരുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ റി​പ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ആശങ്കകൾ ഉയർന്നതോടെയാണ് എയർലൈൻ ഇത്തരമൊരു വിലക്ക് കൊണ്ടുവന്നത്. കാബിൻ ക്രൂ പൊതു പ്രകടനം നടത്തുന്നവ​രല്ലെന്നും ജോലിചെയ്യുക എന്നത് അവരുടെ ചിത്രങ്ങൾ പകർത്താനുള്ള സമ്മതമായി കണക്കാക്കാൻ കഴിയില്ലെന്നും എയർലൈൻ വ്യക്തമാക്കുന്നു.

നിയമം പാലിക്കാത്ത ജീവനക്കാർ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി. റെക്കോഡിങ് ഉപകരണങ്ങൾ കണ്ടുകെട്ടൽ, മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പാണെങ്കിൽ യാത്രാവിലക്ക്, ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളിൽ വിലക്ക് തുടങ്ങിയവയാണ് നിയമം ലംഘിച്ചാൽ യാത്രക്കാർ നേരിടേണ്ടിവരിക. ഗുരുതരമായ കേസുകളാണെങ്കിൽ വിമാനത്താവള അതോറിറ്റിക്ക് കൈമാറുമെന്നും എയർലൈൻ വ്യക്തമാക്കുന്നു.

അതേസമയം, വിമാനത്തിനകത്തെ ചിത്രീകരണം പൂർണമായും വിലക്കുന്നില്ലെന്നും എയർലൈൻ അറിയിച്ചു. തങ്ങളുടെ ഇരിപ്പിടം, ഭക്ഷണം, വിമാന ജനാലയിൽനിന്നുള്ള കാഴ്ചകൾ, കാബിൻ ഇന്റീരിയർ (വിമാന ജീവനക്കാർ ഉൾപ്പെടാതെ) തുടങ്ങിയവ യാത്രക്കാർക്ക് പകർത്താനാകും.

ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ആദ്യത്തെ എയർലൈൻ ബ്രിട്ടീഷ് എയർവേയ്‌സ് അല്ല. കെ‌എൽ‌എം റോയൽ ഡച്ച് എയർലൈൻസ്, വിർജിൻ ആസ്‌ട്രേലിയ തുടങ്ങിയ വിമാനങ്ങളും ഇത്തരം നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button