യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് മലയാളി യുവതി മരിച്ചു

ലണ്ടൺ : യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനിയായ മലയാളി നഴ്സ് മരിച്ചു. വെള്ളിക്കോത്ത് കാരക്കുഴിയിലെ കീർത്തി രാജഗോപാൽ (25) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്. യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്തിരുന്ന കീർത്തി സുഹൃത്തുക്കൾക്കൊപ്പം കയാക്കിങ്ങിന് പോയപ്പോഴായിരുന്നു അപകടം.
കയാക്കിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീർത്തിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
യുകെയിലെ മലയാളി അസോസിയേഷനുകളും സുഹൃത്തുക്കളും ഇതിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.
അപ്രതീക്ഷിതമായി എത്തിയ ഈ വാർത്തയുടെ ആഘാതത്തിലാണ് കീർത്തിയുടെ നാടായ കാഞ്ഞങ്ങാട്. പിതാവ്: രാജഗോപാൽ (റിട്ട. സൈനികൻ), മാതാവ്: റീന (കാഞ്ഞങ്ങാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥ), സഹോദരൻ: വിനായക്.



