അന്തർദേശീയം

ഇറാന്‍റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്; പേര് വിവരം പുറത്തുവിട്ടില്ല

ടെഹ്റാൻ : യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. അസംബ്ലി ഓഫ് എക്സ്പേർട്സിലെ (മജ്‍ലിസ് ഖുബ്റാഅ്) അംഗങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയുടെ പേര് നേരത്തെ തന്നെ പിൻഗാമിയായി ഉയർന്നുവന്നിരുന്നു. ഖാംനഈയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായെന്നും ധാരണയിലെത്തിയെന്നും പണ്ഡിത സമിതി അംഗമായ അഹ്മദ് അലമോൽഹോദയെ ഉദ്ധരിച്ച് വിവിധ ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പരമോന്നത നേതാവിന്‍റെ പേര് സമിതി സെക്രട്ടറിയേറ്റ് പ്രഖ്യാപിക്കും.

മുജ്തബ ഇറാന്‍റെ പരമോന്നത നേതാവാകുമെന്നാണ് സമിതിയിലെ മറ്റു അംഗങ്ങളും നൽകുന്ന സൂചന. ഇറാന്റെ സൈനിക വിഭാഗമായ ഐ.ആർ.ജി.സി ഉൾപ്പെടെയുള്ളവർക്ക് മുജ്തബയുടെ വരവിനോടാണ് താൽപര്യം. അസംബ്ലി ഓഫ് എക്സ്പേർട്സിലെ ഭൂരിഭാഗം അംഗങ്ങളുടെയും അംഗീകാരത്തോടെ യോഗ്യനായ നേതാവിന്‍റെ തെരഞ്ഞെടുത്തതായി പണ്ഡിത സമിതിയിൽ ഖുഷെസ്താൻ പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന മുഹ്സിൻ ഹൈദരിയെ ഉദ്ധരിച്ച് ഇറാന്‍റെ ഐ.എസ്.എൻ.എ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തെ, ഇറാന്‍റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ താൻ ഇടപെടുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈ പിൻഗാമിയാകുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം കഴിവില്ലാത്തവനാണെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.

ഖാംനഈയുടെ പിൻഗാമിയായി വരുന്ന ഓരോരുത്തരെയും വേട്ടയാടുമെന്ന് ഇസ്രായേലും ഭീഷണി മഴുക്കുന്നുണ്ട്. ഇറാന്റെ നേതൃത്വത്തെ പൂർണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ഖാംനഈയുടെ ഡെപ്യൂട്ടി ചീഫ് ആയിരുന്ന അസ്ഗർ ഹിജാസി, സൈനിക നേതാവ് അലി ലാറിജാനി, റൂഹുല്ല ഖുമൈനിയുടെ മകൻ ഹസൻ ഖുമൈനി തുടങ്ങിയവരുടെ പേരുകളും ഖാംനഈയുടെ പിൻഗാമിയായി ഉയർന്നുവന്നിരുന്നു. വിപ്ലവാനന്തര ഇറാന്റെ ചരിത്രത്തിൽ ഇതുവരെ രണ്ട് ആത്മീയ നേതാക്കളേ ഉണ്ടായിട്ടുള്ളൂ: ഖുമൈനിയും അദ്ദേഹത്തിന്റെ മരണശേഷം (1989ൽ) ഖാംനഈയും. ആത്മീത നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചുമതല അസംബ്ലി ഓഫ് എക്സ്പേർട്സ് സമിതിക്കാണ്. 88 അംഗങ്ങളുള്ള സമിതിയാണിത്. ഓരോ എട്ടുവർഷം കൂടുമ്പോഴും ജനങ്ങളാണ് ഈ പണ്ഡിത സമിതിയെ തെരഞ്ഞെടുക്കുക.

ഗാർഡിയൻ കൗൺസിലിന്റെകൂടി അംഗീകാരമുള്ള ഏതാനും വ്യക്തികളെയാണ് ആത്മീയ നേതൃത്വത്തിനായി പരിഗണിക്കുക. ഇവർ തെരഞ്ഞെടുക്കുന്ന നേതാവിനെ ആവശ്യമെങ്കിൽ നീക്കാനും ഈ സമിതിക്ക് അധികാരമുണ്ടായിരിക്കും. പണ്ഡിത സമിതിക്ക് മുന്നിൽവരുന്ന പേരുകളിൽനിന്നായിരിക്കും അസംബ്ലി ഓഫ് എക്സ്പേർട്സ് ഒരാളെ തെരഞ്ഞെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button