യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടിലക്ക് ഐക്യദാർഢ്യം; പൊതുപണിമുടക്കിൽ സ്തംഭിച്ച് ഇറ്റലി

റോം : ഗസ്സ ഫ്‌ളോട്ടിലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പൊതുപണിമുടക്കിൽ സ്തംഭിച്ച് ഇറ്റലി. റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു. ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടിലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

മിലാനിൽ നടന്ന പ്രതിഷേധത്തിൽ ഒരുലക്ഷം ആളുകൾ പങ്കെടുത്തെന്നാണ് സിജിഐഎൽ ( ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ) അവകാശപ്പെട്ടത്. എന്നാൽ 50,000 പേരാണ് പങ്കെടുത്തത് എന്നാണ് പൊലീസ് പറയുന്നത്.

ലിയനാർഡോ ഡാവിഞ്ച് സ്മാരക സ്‌ക്വയറിൽ ഫലസ്തീൻ പതാകയും ‘ഫ്രീ ഫലസ്തീൻ’ മുദ്രാവാക്യവുമായി പ്രതിഷേധക്കാർ നിറഞ്ഞു. ഗിനോവയിൽ 40,000 ആളുകളും ബ്രെസ്ചയിൽ 10,000 ആളുകളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.

വെനീസിലെ എ4 ടോൾ പ്ലാസ ആയിരക്കണക്കിനാളുകൾ ഉപരോധിച്ചു. ‘വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങൾ എല്ലാം സുമുദ് ഫ്‌ളോട്ടില’ എന്നെഴുതിയ ബാനറുമായി റോമിൽ ആയിരങ്ങൾ മാർച്ച് നടത്തി. റോമിലെ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധക്കാർ നിറഞ്ഞതോടെ ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വൈകുകയും ചെയ്തു. നേപ്പിൾസ്, ലിവോർണോ, സലേർണോ തുറമുഖങ്ങളും പ്രതിഷേധക്കാർ ഉപരോധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button