അന്തർദേശീയം

മുല്ലപ്പൂ വിപ്ലവം ആവർത്തിക്കുമോ!; തുനീഷ്യയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തെരുവിലേക്ക്

തൂനിസ് : തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദിന്റെ ഏകാധിപത്യ ഭരണത്തിനും ജനാധിപത്യ വിരുദ്ധ നടപടികൾക്കുമെതിരെ തലസ്ഥാനമായ തൂനിസിൽ ജനകീയ പ്രക്ഷോഭം.

സ്വയംഭരണവും ഏകാധിപത്യത്തിലേക്കുള്ള പോക്കും അവസാനിപ്പിക്കണമെന്നും, ജയിലിലടച്ച പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഉടനടി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് വ്യാഴാഴ്ച തെരുവിലിറങ്ങിയത്.

2021 ജൂലൈ 25ന് പാർലമെന്റ് പിരിച്ചുവിട്ട ചെയ്ത സഈദിന്റെ നടപടിയുടെ വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ സംഘടനകളും ചേർന്ന് പ്രക്ഷോഭം സംഘടിപ്പിച്ചത്. തുനീഷ്യയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റാണ് പ്രസിഡന്റ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. രാജ്യം പൂർണ്ണമായ തകർച്ചയാണ് നേരിടുന്നതെന്ന് വ്യാഴാഴ്ച നടന്ന പ്രകടനത്തിൽ പങ്കെടുത്ത വിസ്സം സ്ഗയർ, എന്നയാള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് പണപ്പെരുപ്പം 5.2 ശതമാനത്തിൽ എത്തിയതോടെ ജീവിതച്ചെലവ് കുത്തനെ കൂടിയിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളിൽ വലിയ ഇടിവുണ്ടാവുകയും അത്യാവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കുടിവെള്ള-വൈദ്യുതി വിതരണത്തിലെ തടസ്സങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും കാരണം ജനജീവിതം ദുസ്സഹമായതും പ്രക്ഷോഭം രാജ്യത്തുടനീളം പടരാൻ കാരണമാകുന്നുണ്ട്. പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്കെതിരെ ഭരണകൂടം വലിയ തോതിലുള്ള അടിച്ചമർത്തലുകളാണ് നടത്തുന്നത്.

മുൻ ഭരണഘടനാ നിയമ അധ്യാപകനും സ്വതന്ത്ര രാഷ്ട്രീയ നേതാവുമാണ് 68കാരനായ ഖൈസ് സഈദ്. അഴിമതി നിർമാർജനം പ്രധാന പ്രചാരണവിഷയമാക്കി 2019ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. 2014ലെ ഭരണഘടന ശിൽപികളിൽ ഒരാളായിരുന്നെങ്കിലും പിന്നീട് ഭരണഘടന ഭേദഗതി ചെയ്യുകയും നീതിന്യായ വ്യവസ്ഥയ്ക്ക് മേൽ പൂർണ നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. നിർണായക അധികാരങ്ങളെല്ലാം പ്രസിഡന്റിലേക്ക് കേന്ദ്രീകരിച്ചതോടെയാണ് രാജ്യം വീണ്ടും ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന ആരോപണം ശക്തമായത്. 2011ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്നാണ് തുനീഷ്യ ജനാധിപത്യ രാഷ്ട്രമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button