മാൾട്ടാ വാർത്തകൾ

വാഹനങ്ങളിൽ ഇനി ഫ്രണ്ട് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കറും പതിക്കാം : ട്രാൻസ്പോർട്ട് മാൾട്ട

വാഹനങ്ങളുടെ മുന്നിലെ ബമ്പറിൽ സാധാരണ രജിസ്ട്രേഷൻ പ്ലേറ്റുകൾ ഘടിപ്പിക്കാൻ മതിയയായ സ്ഥലമില്ലാത്ത ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പുതിയ ഓപ്ഷനുമായി ട്രാൻസ്പോർട്ട് മാൾട്ട. പരമ്പരാഗത ഫ്രണ്ട് രജിസ്ട്രേഷൻ പ്ലേറ്റുകൾക്ക് പകരമായി ഇനി മുതൽ പ്രത്യേക ഫ്രണ്ട് രജിസ്ട്രേഷൻ പ്ലേറ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാം.

എന്നാൽ ട്രാൻസ്പോർട്ട് മാൾട്ടയുടെ സാങ്കേതിക വിഭാഗത്തിന്റെ (Technical Unit) പരിശോധനയ്ക്കും ബന്ധപ്പെട്ട ബോർഡിന്റെ അംഗീകാരത്തിനും ശേഷം മാത്രമേ ഈ സ്റ്റിക്കറുകൾ അനുവദിക്കുകയുള്ളൂ. യോഗ്യരായ വാഹന ഉടമകളെ അധികൃതർ നേരിട്ട് വിവരമറിയിക്കും. അർഹത ഉറപ്പാക്കിയ ശേഷമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ.

അർഹത നേടിയിട്ടുള്ള വാഹന ഉടമകൾക്ക് പാവ്ല (Paola), ലിജ (Lija) എന്നിവിടങ്ങളിലെ ട്രാൻസ്പോർട്ട് മാൾട്ട ഓഫീസുകളിൽ അപേക്ഷിക്കാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകർ ഓഫീസിൽ വെച്ച് ‘ഫോം VEH 19’ ആണ് പൂരിപ്പിച്ചു നൽകേണ്ടത്.

നിശ്ചിത ഫീസ് അടച്ച ശേഷം സ്റ്റിക്കർ തയ്യാറാകുമ്പോൾ ട്രാൻസ്പോർട്ട് മാൾട്ട ഉടമകളെ വിവരമറിയിക്കും. ലഭിക്കുന്ന സ്റ്റിക്കർ വാഹനത്തിന്റെ വിൻഡ് സ്ക്രീനിന്റെ ഉള്ളിൽ, ഡ്രൈവർക്ക് മുൻപിലെ കാഴ്ച മറയ്ക്കാത്ത രീതിയിലും എന്നാൽ പുറത്തുനിന്ന് വ്യക്തമായി കാണാവുന്ന വിധത്തിലും പതിക്കേണ്ടതുണ്ട്.

അർഹരായ വാഹന ഉടമകൾ നിർദ്ദിഷ്ട അപേക്ഷാ നടപടികൾ കൃത്യമായി പാലിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ട്രാൻസ്പോർട്ട് മാൾട്ട നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി വാഹന ഉടമകൾക്ക് ട്രാൻസ്പോർട്ട് മാൾട്ടയുമായി ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button