അന്തർദേശീയം

ഹോർമുസ് കടലിടുക്കിൽ കുവൈത്ത് പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം

ദുബായ് : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. ടാങ്കറിന് മേൽ അജ്ഞാത പ്രോജക്ടൈൽ പതിച്ചതിനെ തുടർന്നാണ് തീപിടിച്ചത്. കുവൈത്ത് പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ കസിമ-3 ആണ് ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് നിലവിലെ വിവരം.

യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പ്രകാരം, ഒക്ടോബർ ഒന്നിന് അർദ്ധരാത്രിയാണ് ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിച്ചത്. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു. കപ്പലിനുണ്ടായ നാശനഷ്ടം എത്രയെന്നും കടലിൽ എണ്ണ ചോർച്ചയുണ്ടോയെന്നും നിലവിൽ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകളോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും അധികൃതർ നിർദേശം നൽകി.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഒക്ടോബറിലെ ആദ്യത്തെ ആക്രമണമാണിത്. സെപ്റ്റംബർ 28, 29 തീയതികളിലായി 24 മണിക്കൂറിനിടെ നാല് ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ പുതിയ സംഭവം. സെപ്റ്റംബറിൽ മാത്രം ഹോർമുസ് കടലിടുക്കിൽ കുറഞ്ഞത് 16 കപ്പൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹോർമുസ് വഴി പോകുമ്പോൾ ആക്രമണഭീഷണി ഒഴിവാക്കാൻ നിരവധി കപ്പലുകൾ എഐഎസ് ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്താണ് സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നതും ബുദ്ധിമുട്ടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button