അന്തർദേശീയം

സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഹൂതികളുടെ മിസൈലാക്രമണം

റിയാദ് : സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിനെ ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി നയിക്കുന്ന അറബ് സഖ്യസേന വിജയകരമായി തടഞ്ഞു തകർത്തു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണ ശ്രമം.

വ്യാഴാഴ്ചയും മേഖലയിൽ ഹൂതികൾ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഖമീസ് മുശൈതിന് നേരെ നാല് ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും, ജിസാനെ ലക്ഷ്യമാക്കി മറ്റൊരു ബാലിസ്റ്റിക് മിസൈലുമാണ് വ്യാഴാഴ്ച ഹൂതികൾ തൊടുത്തുവിട്ടിരുന്നത്. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദി അതിർത്തി പ്രദേശങ്ങളിലെ സുരക്ഷയും വ്യോമ പ്രതിരോധ സംവിധാനങ്ങളും സഖ്യസേന ശക്തമാക്കിയിട്ടുണ്ട്.

അതേസമയം പശ്ചിമേഷ്യയിൽ ഏഴുമാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം തങ്ങൾക്ക് ലഭിച്ചതായി ഇറാൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ നിർദ്ദേശം പരസ്യമായി തള്ളിക്കളഞ്ഞതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും, നയതന്ത്രതലത്തിൽ പുതിയ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ യു.എസ് നൽകിയ മറുപടിയിലെ വിവരങ്ങളോ, നിർദ്ദേശം പൂർണ്ണമായും നിരസിക്കപ്പെട്ടോ എന്നോ ഇറാൻ വ്യക്തമാക്കിയിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മടക്കയാത്രയിലാണ് പുതിയ നയതന്ത്ര നീക്കങ്ങൾക്ക് തുടക്കമിട്ടത്. ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യു.എസ് പ്രതിനിധികളുമായി അനൗപചാരികമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഈ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button