സന്ദർശകരുടെ ശ്രദ്ധയ്ക്ക്; സിംഗപ്പൂരിലെ പൊതുസ്ഥലങ്ങളിലെ ഫലങ്ങൾ പറിച്ചാലോ ശേഖരിച്ചാലോ ലക്ഷങ്ങൾ പിഴ നൽകേണ്ടിവരും

സിംഗപ്പൂർ : റോഡിൽ വീണ മാങ്ങ എടുത്തതിന് ലക്ഷങ്ങൾ പിഴ നൽകേണ്ടിവന്നാലോ. സംഭവം സിംഗപ്പൂരിലാണ്. വീണു കിടക്കുന്നതല്ലേ എന്നു കരുതി സിംഗപ്പൂരിലെ പൊതുഇടത്തിൽ നിന്ന് മാങ്ങ പെറുക്കിയാൽ നല്ല പണി കിട്ടും. 5,000 സിംഗപ്പൂർ ഡോളറാണ് പിഴ. 3.75 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണിത്. സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹയാണ് സോഷ്യൽ മീഡയിലൂട നിയമത്തെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്.
പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങൾ സർക്കാർ സ്വത്തായാണ് സിംഗപ്പൂർ കണക്കാക്കുന്നത്. സിംഗപ്പൂർ നാഷണൽ പാർക്ക് ബോർഡിന്റെ (NParks) കീഴിലുള്ള മരങ്ങളിലെ ഫലങ്ങൾ പറിക്കുന്നതിനോ ശേഖരിക്കുന്നതിനോ മുൻകൂർ അനുമതി ആവശ്യമാണ്. അതിനാൽ അനുവാദമില്ലാതെ മരത്തിൽ നിന്ന് പഴങ്ങൾ പറിക്കുന്നതോ നിലത്തു വീണവ ശേഖരിക്കുന്നതോ കുറ്റകരമാണ്. പൊതു പാർക്കുകളിൽ നിന്ന് അനുവാദമില്ലാതെ പഴങ്ങൾ ശേഖരിച്ചാൽ 5,000 ഡോളർ വരെ പിഴ ഈടാക്കാം.
നാഷണൽ പാർക്കുകളിലോ മറ്റോ ആണ് ഈ നിയമലംഘനം നടത്തുന്നതെങ്കിൽ പിഴ 50,000 ഡോളർ വരെയാകാം. കൂടാതെ ആറുമാസം വരെ തടവുശിക്ഷയും ലഭിക്കാം. സിംഗപ്പൂരിലെ ഈ കർശന നിയമം ഇന്ത്യയിലുള്ളവർ അമ്പരപ്പോടെയാണ് കേട്ടത്. ഇന്ത്യയെയും സിംഗപ്പൂരിനെയും താരതമ്യപ്പെടുത്തി രസകരമായതും ഗൗരവമുള്ളതുമായ നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.
സിംഗപ്പൂർ സന്ദർശിക്കുന്നവരും പുതിയ താമസക്കാരും അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളിൽ ഒന്നാണിതെന്ന് നിരവധി പേർ കുറിച്ചു.



