അന്തർദേശീയം

റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ ശൃംഖലയായ ‘വൈൽഡ്‌ബെറീസിന്’ നേരെ ഡ്രോൺ ആക്രമണം ശക്തമാക്കി യുക്രെയ്ൻ

മോസ്കോ : റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ ശൃംഖലയായ ‘വൈൽഡ്‌ബെറീസിന്’ നേരെ ഡ്രോൺ ആക്രമണം ശക്തമാക്കി യുക്രെയ്ൻ. ‘റഷ്യൻ ആമസോൺ’ എന്നറിയപ്പെടുന്ന കമ്പനിയുടെ വിവിധ പ്രദേശങ്ങളിലെ വെയർഹൗസുകൾ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത്. ഏറ്റവുമൊടുവിൽ പെന്നിൻസ മേഖലയിലെയും സരാപുളിലെയും വൈൽഡ്‌ബെറീസ് വെയർഹൗസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തെത്തുടർന്ന് പെന്നിൻസയിലെ കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും 200 ഓളം ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മോസ്കോയിൽ നിന്ന് 1,100 കിലോമീറ്റർ അകലെയുള്ള സരാപുളിലെ കേന്ദ്രത്തിലും ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായി. നിലവിൽ വിതരണ ശൃംഖലകൾ മറ്റ് കേന്ദ്രങ്ങളിലേക്ക് പുനഃക്രമീകരിച്ചതായി കമ്പനി അറിയിച്ചു. ജൂലൈ പകുതിയോടെ താംബോവ്, മോസ്കോ മേഖലകളിലെ വെയർഹൗസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു. റഷ്യയുടെ ആഭ്യന്തര വിതരണ ശൃംഖലയെയും സമ്പദ്‌വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

2004ൽ ടാത്യാന കിം സ്ഥാപിച്ച വൈൽഡ്‌ബെറീസ് റഷ്യക്ക് പുറമെ ബെലാറസ്, കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അർമേനിയ തുടങ്ങി നിരവധി അയൽരാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ മുതൽ പലചരക്ക് സാധനങ്ങൾ വരെ വിൽക്കുന്ന റഷ്യയിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമാണിത്.

റഷ്യൻ എണ്ണ ശുദ്ധീകരണശാലകളെയും സൈനിക കേന്ദ്രങ്ങളെയും മാത്രം ലക്ഷ്യമിട്ടിരുന്ന യുക്രെയ്ൻ, സാധാരണക്കാരുടെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ വൈൽഡ്‌ബെറീസിനെ ആക്രമിക്കുന്നത് തുടക്കത്തിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ഇതിന് വ്യക്തമായ സൈനിക-സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് വിശദീകരണം നൽകുകയാണ് യുക്രെയ്ൻ അധികൃതർ.

പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് വൈൽഡ്‌ബെറീസിന് എതിരായ ആക്രമണങ്ങൾ. ഒന്നാമതായി സൈനിക സാമഗ്രികളുടെ വിൽപ്പനയാണ്. റഷ്യൻ സൈന്യം യുദ്ധത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളുടെ ഭാഗങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ, ബോഡി ആർമറുകൾ, ഹെൽമറ്റുകൾ തുടങ്ങിയ ഉൽപന്നങ്ങൾ വൈൽഡ്‌ബെറീസ് വഴി വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ആണ് യുക്രെയ്ന്റെ വാദം.

റഷ്യയിലെ ഏറ്റവും വലിയ വായ്പാ ഉപഭോക്താക്കളിലൊന്നാണ് വൈൽഡ്‌ബെറീസിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് റഷ്യൻ ബാങ്കിങ് മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നതാണ് വിദഗ്ധർ വിലയിരുത്തുന്ന രണ്ടാമത്തെ കാരണം.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനി തങ്ങളുടെ വെണ്ടർ കരാറുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങൾ, മിസൈൽ ആക്രമണങ്ങൾ, ആഭ്യന്തര കലാപങ്ങൾ എന്നിവയെ ‘ഫോഴ്‌സ് മജ്യൂർ’ അഥവാ അപ്രതീക്ഷിത ദുരന്തങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതിലൂടെ വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ നശിച്ചാൽ കച്ചവടക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള സാമ്പത്തിക ബാധ്യതയിൽനിന്ന് കമ്പനി ഒഴിവാകും. ഇത് ദശലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെ വൻ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ റഷ്യൻ സർക്കാറിന്റെ സാമ്പത്തിക സഹായം തേടാൻ വൈൽഡ്‌ബെറീസ് നിർബന്ധിതമായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button