ഇയു ഹാൻഡ്ലിംഗ് ഫീസ്; സൗജന്യ ഡെലിവറിക്കായി €15 മില്യൺ വാർഷിക പദ്ധതി നിർദേശം മുന്നോട്ടുവച്ച് എംഇപി പീറ്റർ അജിയസും പിഎൻ എംപി അഡ്രിയൻ ഡെലിയയും

ഇയു ഇതര (Non-EU) രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ കമ്മീഷൻ പുതിയ ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, മാൾട്ടയിലെ ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറി ഉറപ്പാക്കാൻ പ്രതിവർഷം 1.5 കോടി യൂറോയുടെ (15 Million Euros) പദ്ധതി നിർദേശിച്ച് ഇ.യു. എം.പി. പീറ്റർ അഗിയൂസും പി.എൻ. എം.പി. അഡ്രിയാൻ ഡെലിയയും.
മാൾട്ടീസ് ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക നിർമ്മാതാക്കളെയും ചെറുകിട ബിസിനസുകളെയും പിന്തുണയ്ക്കുന്ന ഒരു പുതിയ സമീപനമാണ് ആവശ്യപ്പെടുന്നത്. ഇയുവിന് പുറത്തുനിന്നുള്ള കുറഞ്ഞ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് വരുന്ന നവംബർ മുതൽ അധിക ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്താൻ യൂറോപ്യൻ കമ്മീഷൻ തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഒക്ടോബർ 3-ന് പി.എൻ പ്രതിനിധികൾ ഈ നിർദേശം മുന്നോട്ടുവെച്ചത്.
ഉയർന്ന ഇറക്കുമതി ചെലവ് കാരണം ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉൽപ്പന്നങ്ങൾ ലഭിക്കാൻ മറ്റ് വഴികളില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഈ വേനൽക്കാലത്ത് ഏർപ്പെടുത്തിയ ഇ.യു കസ്റ്റംസ് ഫീസ് ചൈന, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉൽപ്പന്നമൊന്നിന് 3.54 യൂറോ വീതം വർധിപ്പിച്ചിരുന്നു. നവംബറിൽ 2 യൂറോയുടെ അധിക ഹാൻഡ്ലിംഗ് ഫീസ് കൂടി വരുന്നതോടെ ആകെ നിരക്ക് ഉൽപ്പന്നമൊന്നിന് 5.54 യൂറോ ആയി ഉയരും.
യൂറോപ്യൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുകയാണ് ഈ അധിക നിരക്കുകളുടെ ലക്ഷ്യമെങ്കിലും, ഉയർന്ന ഡെലിവറി നിരക്കുകൾ കാരണം യൂറോപ്യൻ അല്ലെങ്കിൽ പ്രാദേശിക വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ മാൾട്ടയിലെ ഉപഭോക്താക്കൾക്ക് സാധിക്കുന്നില്ല. ദ്വീപ് പ്രദേശങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാൻ മെയിൻലാൻഡ് യൂറോപ്പിനെ അപേക്ഷിച്ച് 300% വരെ കൂടുതൽ ചെലവ് വരാമെന്ന് യൂറോപ്യൻ കമ്മീഷന്റെ ‘ഐലൻഡ് സ്ട്രാറ്റജി’ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
നിർദേശിച്ച പദ്ധതിയുടെ ഭാഗമായി മാൾട്ടയിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ഗതാഗതച്ചെലവ് നികത്താൻ ബിസിനസുകൾക്ക് പരമാവധി 30,000 യൂറോ വരെ ഗ്രാന്റ് നൽകും. ഒരു കാറ്റഗറിയിലുള്ള ഉൽപ്പന്നത്തിന് 3 യൂറോ വരെയാണ് സബ്സിഡി. ഇതിൽ പങ്കാളികളാകുന്ന വ്യാപാരികൾ ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറി നൽകണം. 2027, 2028 വർഷങ്ങളിലായി പ്രതിവർഷം 1.5 കോടി യൂറോ ബജറ്റിലാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആവശ്യാനുസരണം ഇത് നീട്ടിയേക്കാം. 2027 ജനുവരിയിലെ ഉദ്ഘാടനത്തിന് മുന്നോടിയായി 2026-ൽ അപേക്ഷകൾ ക്ഷണിക്കും. മാൾട്ടയിലെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന യൂറോപ്യൻ യൂണിയനിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (SME) പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തമായി വിൽപ്പന പ്ലാറ്റ്ഫോമുകളുള്ള നിർമ്മാതാക്കൾക്കും യൂറോപ്യൻ വ്യാപാരികൾക്കായി ലോക്കൽ പിക്ക്-അപ്പ് പോയിന്റുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഇതിൽ പങ്കാളികളാകാം. തുടക്കത്തിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക്, ചെലവിന്റെ 75% വരെ ഇ.യു ഫണ്ടുകളിൽ നിന്ന് ലഭ്യമാക്കാൻ അപേക്ഷ നൽകും. കൂടാതെ, യൂറോപ്യൻ കമ്മീഷന്റെ മുൻകൂർ അനുമതിക്കായി പദ്ധതി സമർപ്പിക്കും.
ഈ പദ്ധതി ഓൺ ലൈൻ വിൽപ്പന, പിക്ക്-അപ്പ് പോയിന്റുകൾ, ഡെലിവറി നെറ്റ്വർക്കുകൾ എന്നിവയിൽ നിക്ഷേപം നടത്താൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുമെന്ന് പീറ്റർ അഗിയൂസ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ബജറ്റ് തയ്യാറാക്കുമ്പോൾ സർക്കാർ ഈ നിർദേശം പരിഗണിക്കണമെന്ന് അഡ്രിയാൻ ഡെലിയ ആവശ്യപ്പെട്ടു. “ഇതൊരു രാഷ്ട്രീയ വിഷയമാക്കേണ്ടതില്ല; നമ്മുടെ പൗരന്മാർക്കും ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും യൂറോപ്പിന്റെ ആനുകൂല്യങ്ങൾ പരമാവധി ലഭ്യമാക്കാൻ നമുക്ക് ഒന്നിച്ചുനിൽക്കാം,” ഡെലിയ കൂട്ടിച്ചേർത്തു.



