യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബ്രിട്ടനിലെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്ററായ എബിപിയെ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്.

ലണ്ടൻ : ബ്രിട്ടനിലെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്ററായ ‘അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്‌സ്’ (എ.ബി.പി) ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. യു.കെയിലെ നിർണായകമായ പല ഹാർബറുകളുടെയും ഉടമസ്ഥതയും നിയന്ത്രണവും കൈവശം വെക്കുന്ന സ്ഥാപനമാണ് എ.ബി.പി. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം, എ.ബി.പിയെ സ്വന്തമാക്കാനുള്ള ലേലത്തിൽ പങ്കാളിയാകുന്നത് അദാനി സജീവമായി പരിഗണിച്ചുവരികയാണ്.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 21 തുറമുഖങ്ങളാണ് എ.ബി.പിയുടെ നിയന്ത്രണത്തിലുള്ളത്. ചരക്കുനീക്കത്തിൽ യു.കെയിൽ ഒന്നാം സ്ഥാനത്തുള്ള ഇമ്മിംഗ്ഹാം തുറമുഖവും, പ്രതിവർഷം ഏകദേശം 5.1 ലക്ഷം കോടി രൂപയുടെ കയറ്റുമതി നടക്കുന്ന സതാംപ്റ്റൺ തുറമുഖവും ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടന്റെ മൊത്തം കടൽവഴിയുള്ള വ്യാപാരത്തിന്റെ 25 ശതമാനവും എ.ബി.പിയുടെ നിയന്ത്രണത്തിലുള്ള ശൃംഖല വഴിയാണ് നടക്കുന്നത്. കൂടാതെ, യുകെയിലെ കടൽത്തീര കാറ്റാടിയന്ത്ര ശൃംഖലയുടെ പകുതിയിലധികം പ്രവർത്തനങ്ങൾക്കും സേവനങ്ങൾ നൽകുന്നത് എ.ബി.പിയാണ്.

രണ്ട് വൻകിട കനേഡിയൻ പെൻഷൻ ഫണ്ടുകൾ തങ്ങളുടെ കൈവശമുള്ള 63.9 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചതാണ് അദാനി ഗ്രൂപ്പിന് പുതിയ അവസരമൊരുക്കിയിരിക്കുന്നത്. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡിന് 30 ശതമാനവും, ഒന്റാറിയോ മുൻസിപ്പൽ എംപ്ലോയീസ് റിട്ടയർമെന്റ് സിസ്റ്റത്തിന് 33.88 ശതമാനവുമാണ് ഇതിൽ ഓഹരി പങ്കാളിത്തമുള്ളത്. 1.27 ലക്ഷം കോടി രൂപയിലധികം (10 ബില്യൺ പൗണ്ട്) മൂല്യം കണക്കാക്കിയാണ് ഈ ഓഹരികൾ വിൽക്കാൻ ഉടമകൾ ശ്രമിക്കുന്നത്. ജി.ഐ.സി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവരാണ് മറ്റ് പ്രധാന ഓഹരി ഉടമകൾ.

ഈ നീക്കം വിജയിച്ചാൽ ബ്രിട്ടനിലെ അദാനി ഗ്രൂപ്പിന്റെ ആദ്യത്തെ വലിയ നിക്ഷേപമായി ഇത് മാറും. ജി7 കൂട്ടായ്മയിലെ പ്രധാന രാജ്യങ്ങളിലൊന്നായ ബ്രിട്ടനിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും, 2031ഓടെ അദാനി പോർട്‌സിനെ ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് യൂട്ടിലിറ്റിയാക്കി മാറ്റാനുമുള്ള സ്വപ്നത്തിന് ഇത് കരുത്തുപകരും. ഇന്ത്യ, ഇസ്രായേൽ, ശ്രീലങ്ക, ടാൻസാനിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ശൃംഖലയ്ക്ക് പുറമെ യൂറോപ്യൻ വിപണിയിലേക്കുള്ള പ്രധാന വാതിലായി ഈ ഏറ്റെടുക്കൽ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചർച്ചകൾ നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും, മറ്റൊരു പങ്കാളിയെക്കൂടി ഒപ്പം നിർത്തിക്കൊണ്ട് കൂട്ടുസംരംഭമായി ലേലത്തിൽ പങ്കെടുക്കാനാണ് അദാനി പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്. എന്നാൽ, ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അദാനി പോർട്‌സിന്റെയും എ.ബി.പിയുടെയും ഔദ്യോഗിക പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button