അന്തർദേശീയം

റഷ്യ-ഉക്രെയ്ൻ ഊർജ്ജ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്; പുതിയ വാർത്തയെന്ന് സെലെൻസ്‌കി

വാഷിംഗ്ടൺ ഡിസി : റഷ്യയും ഉക്രെയ്നും തമ്മിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ‘ഊർജ്ജ വെടിനിർത്തൽ’ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനം തനിക്ക് തികച്ചും പുതിയൊരു വിവരമാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചു. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഇരുവിഭാഗവും ഊർജ്ജ വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് അറിയിച്ചത്. വെടിനിർത്തൽ ലംഘിക്കരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വെടിനിർത്തലിന്റെ സമയപരിധിയോ അത് എങ്ങനെ നടപ്പിലാക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. സംഭവത്തിൽ ക്രെംലിന്റെയോ വൈറ്റ് ഹൗസിന്റെയോ ഔദ്യോഗിക പ്രതികരണങ്ങളും ഉണ്ടായിരുന്നില്ല.
സെലെൻസ്‌കിയുടെ പ്രതികരണം

ട്രംപിന്റെ പ്രഖ്യാപനം തനിക്ക് ‘പുതിയ വാർത്ത’യാണെന്നാണ് സെലെൻസ്‌കി പ്രതികരിച്ചത്. “എന്നാൽ റഷ്യക്കാർ ഊർജ്ജ വെടിനിർത്തലിന് സമ്മതിക്കുകയാണെങ്കിൽ ഉക്രെയ്നും സമ്മതിക്കും. ട്രംപ് പുടിനുമായി ഇത് ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ വെടിനിർത്തൽ എപ്പോഴാണ് ആരംഭിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുക, ഞങ്ങൾ തയ്യാറാണ്, അത് സ്വീകരിക്കുകയും ചെയ്യും” എന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡ പ്രസിഡന്റ് മാർക്ക് കാർണി, നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ, ഫിൻലാൻഡ് പ്രസിഡന്റ് അലക്സ് സ്റ്റബ്ബ് എന്നിവരുമായി ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു. ഉക്രെയ്ൻ വെടിനിർത്തലിനെ പിന്തുണയ്ക്കുന്നുവെന്നും റഷ്യയും ഇത് പിന്തുണയ്ക്കുന്നത് പ്രധാനമാണെന്നും അമേരിക്കൻ ഭാഗത്തുനിന്നുള്ള വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ആക്രമണം തുടരുന്നതായി ആരോപണം

വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം കീവിലും ഖാർകിവ് മേഖലയിലും റഷ്യൻ ഡ്രോൺ ആക്രമണത്തിൽ പവർ പ്ലാന്റുകൾ തകർന്നതായി സെലെൻസ്‌കി ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഊർജ്ജ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ആക്രമണങ്ങളെല്ലാം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button