ഔർ ലേഡി ഓഫ് ഗ്രേസസിന്റെ തിരുനാൾ: സബ്ബാറിലേക്ക് ഇരുചക്ര വാഹന തീർഥാടനം നടത്തി ആയിരങ്ങൾ

സബ്ബാറിൽ ഔർ ലേഡി ഓഫ് ഗ്രേസസിന്റെ ആദരാർത്ഥം ഞായറാഴ്ച നടന്ന വാർഷിക തീർത്ഥാടനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സൈക്കിളുകളും മോട്ടോർ ബൈക്കുകളും റബാത്ത്, മോസ്റ്റ എന്നിവിടങ്ങളിൽ നിന്ന് സബ്ബാറിലേക്ക് (Żabbar) റാലി നടത്തി. ഗ്രാമോത്സവങ്ങളുടെ അവസാന ഘട്ടത്തിൽ എത്തുന്ന സബ്ബാറിൽ, തിരുനാൾ ദിനത്തിൽ ഇരുചക്ര വാഹനങ്ങളുടെ തീർത്ഥാടനം നടത്തുന്നത് വളരെ പ്രത്യേകതയുള്ള ഒരു ആചാരമാണ്.
റബാത്തിൽ നിന്ന് സൈക്കിൾ യാത്രികരും മോസ്റ്റയിൽ നിന്ന് മോട്ടോർ ബൈക്ക് യാത്രികരും യാത്ര തിരിച്ച് സബ്ബാർ പള്ളിക്ക് മുന്നിലെത്തി ആശീർവാദം ഏറ്റുവാങ്ങി.
1950-കളിലാണ് ഈ പാരമ്പര്യത്തിന്റെ തുടക്കം. ഇറ്റലിയിൽ മോട്ടോർ സൈക്കിൾ യാത്രികർ നടത്തുന്ന സമാനമായ തീർത്ഥാടനത്തെക്കുറിച്ച് അറിഞ്ഞ രണ്ട് ‘മ്യൂസിയം’ (MUSEUM – സൊസൈറ്റി ഓഫ് ക്രിസ്ത്യൻ ഡോക്ട്രിൻ) അംഗങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഒരു തവണ മാത്രം നടത്താൻ പദ്ധതിയിട്ടിരുന്ന ഈ പരിപാടി, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പോപ്പ് പോൾ ആറാമൻ പ്രഖ്യാപിച്ച മരിയൻ വർഷത്തോടെ വാർഷിക ആഘോഷമായി മാറുകയായിരുന്നു.
ചരിത്രത്തിൽ നാല് തവണ മാത്രമാണ് ഈ തീർത്ഥാടനം മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്. 1976-ൽ പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് ആഘോഷങ്ങൾ റദ്ദാക്കി. 1984-ൽ പട്രോൾ ബോട്ടിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സൈനികരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെ തുടർന്ന് പരിപാടി മാറ്റിവെച്ചു. 2020, 2021 വർഷങ്ങളിൽ കോവിഡ്-19 പ്രോട്ടോക്കോൾ കാരണമാണ് തീർത്ഥാടനം റദ്ദാക്കിയത്.
2003-ൽ വത്തിക്കാൻ സബ്ബാറിലെ ഔവർ ലേഡി ഓഫ് ഗ്രേസസിനെ (Our Lady of Graces) സൈക്കിൾ, മോട്ടോർ സൈക്കിൾ യാത്രികരുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു. തുടർന്ന് 2017 മുതൽ കുട്ടികൾക്കായുള്ള തീർത്ഥാടനവും ആരംഭിച്ചു.
പ്രധാനമന്ത്രി റോബർട്ട് അബെല, കായിക മന്ത്രി ബൈറൺ കാമില്ലേരി എന്നിവർ സൈക്കിളിൽ തീർത്ഥാടനത്തിൽ പങ്കെടുത്തു. സാൻ ആന്റൺ പാലസിന്റെ കവാടത്തിന് മുന്നിലെത്തിയ തീർത്ഥാടകരെ പ്രസിഡന്റ് മിറിയം സ്പിറ്റേരി ഡിബോണോ അഭിവാദ്യം ചെയ്യുകയും, മാതാവിന്റെ ചിത്രം വഹിച്ച വാഹനത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് അലക്സ് ബോർഗും തീർത്ഥാടകരെ സ്വീകരിക്കാൻ സബ്ബാറിൽ എത്തിയിരുന്നു.



