അന്തർദേശീയം

ഒമാൻ തീരത്ത് കപ്പലിനുനേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല

ന്യൂഡൽഹി : ഒമാൻ തീരത്ത് പനാമ പതാകയേന്തിയ എണ്ണക്കപ്പലായ ‘എം.ടി എൽ ഗായാ’ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ 14 ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായും കാണാതായ ഒരു ഇന്ത്യക്കാരനായുള്ള തിരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ പിന്തുണ നൽകിയ ഒമാൻ അധികൃതർക്ക് വിദേശകാര്യമന്ത്രാലയം നന്ദി പറഞ്ഞു. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി സഹകരിച്ച് തിരച്ചിൽ ഏകോപിപ്പിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്ക് ഉടൻ അയവുവരുത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടലുകൾ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വ്യാപാരാവശ്യങ്ങൾക്കുള്ള കപ്പലുകൾ, നാവികർ, സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതിനിടെ, ഹോർമുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിന് സമീപം ഇറാനിയൻ ചരക്കുകപ്പലിന് നേരെയും ഞായറാഴ്ച ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേറ്റതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രൊജക്റ്റൈൽ പതിച്ച് കപ്പലിന് തീപ്പിടിച്ചതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചതായി യുകെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷൻസും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button