മാൾട്ടാ വാർത്തകൾ

118 ദിവസത്തിന് ശേഷം മഴയെത്തുന്നു; മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഈ ആഴ്ചയിൽ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (മെറ്റ് ഓഫീസ്) അറിയിച്ചു. ശനിയാഴ്ച മുതൽ താപനില കുറയുകയും തണുത്ത കാറ്റും ഒറ്റപ്പെട്ട മഴയും അനുഭവപ്പെടുകയും ചെയ്യും. പരമാവധി താപനില 3°C മുതൽ 4°C വരെ കുറഞ്ഞ് 28°C വരെയാകാനും, കുറഞ്ഞ താപനില 23°C വരെ എത്താനും സാധ്യതയുണ്ട്.

ഞായറാഴ്ച മുതൽ മഴയ്ക്ക് തുടക്കമാകും. രാവിലെ ഒറ്റപ്പെട്ട മഴയോടെ തുടങ്ങി പിന്നീട് ഇടിമിന്നലോടു കൂടിയ മഴയായി മാറാനാണ് സാധ്യത. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വ്യാഴാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം. തുടർച്ചയായ 118 ദിവസങ്ങൾക്ക് ശേഷമാണ് പ്രദേശത്ത് കാര്യമായ മഴ ലഭിക്കാൻ പോകുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരു തുള്ളി മഴ പോലും ലഭിക്കാത്ത ആദ്യ വേനൽക്കാലമായിരുന്നു ഇത്തവണത്തേതെന്ന് വെള്ളിയാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സാധാരണയായി ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ശരാശരി 15.6 മില്ലീമീറ്റർ മഴ ലഭിക്കാറുണ്ട്. എന്നാൽ അടുത്തകാലത്തായി കടുത്ത വരൾച്ചയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. 2022-23 വർഷങ്ങളിലെ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. എന്നാൽ 2024, 2025 വർഷങ്ങളിലെ ജൂൺ, ജൂലൈ മാസങ്ങളിൽ അളക്കാവുന്നത്ര മഴയൊന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button