യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്വീഡിഷ് കാലാവസ്ഥാ മന്ത്രി ഇയു യോഗത്തിനെത്തിയത്ത് മൂന്നുമാസം പ്രായമായ കുഞ്ഞുമായി

ലക്‌സംബർഗ് : തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി യൂറോപ്യൻ യൂണിയൻ യോഗത്തിനെത്തി സ്വീഡന്റെ കാലാവസ്ഥാ മന്ത്രി റൊമിനാ പൗർമോഖ്താരി. കാലാവസ്ഥാ വ്യതിയാന നയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി വ്യാഴാഴ്ച ചേർന്ന ഒരുദിവസം നീണ്ട യോഗത്തിലാണ് റൊമിന മകൻ ആദവുമായി എത്തിയത്. യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരംഗം കുഞ്ഞുമായി എത്തുന്നതെന്ന് യൂറോപ്യന് യൂണിയൻ കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ലക്സംബർഗിലാണ് യോഗം നടന്നത്.

2022-ൽ അധികാരമേറ്റ സമയം സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡ് 30-കാരിയായ റൊമിന സ്വന്തമാക്കിയിരുന്നു. അതിന് ശേഷം യൂറോപ്യൻ യൂണിയൻ യോഗത്തിൽ കുഞ്ഞുമായെത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അവർ. ഇടയ്ക്ക് ഒരുതവണ ഒന്ന് കരഞ്ഞത് ഒഴിച്ചാൽ ബാക്കി സമയം മുഴുവൻ പരിപൂർണമായി ആദം യോഗത്തോട് സഹകരിച്ചു.

റൊമിന യോഗത്തിൽ സംസാരിക്കവെയാണ് കുഞ്ഞ് ആദം കരഞ്ഞത്. ഉടൻ അവനെ ആശ്വസിപ്പിച്ചുകൊണ്ട്, ‘നല്ല ടൈമിങ്, ആദം’ പറഞ്ഞുകൊണ്ട് റൊമിന പ്രസംഗം തുടർന്നു. പ്രസവാവധി കഴിഞ്ഞ് വീണ്ടും ഓഫീസിലെത്തിയ ഉടൻ തന്നെയാണ് റൊമിന ഇയു യോഗത്തിനെത്തിയത്. അതേസമയം റൊമിനയുടെ ഭർത്താവ് സ്വീഡനിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബർ വരെ അവധിയിലാണ്. ഭർത്താവും റൊമിനയ്ക്കൊപ്പം ലക്സംബർഗിലെത്തിയിരുന്നു.

”ജോലിയും മാതൃത്വവും ഒന്നിച്ച് വരുമ്പോൾ അതിൽ ഒന്നിനെ മാത്രമായി തിരഞ്ഞെടുക്കേണ്ടതില്ല എന്നതിന് മാതൃക കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാൽ അതിന് ദിനോസറിന്റെ കാലത്തെ ചിന്താഗതികളുമായി നടക്കാത്ത ഒരു ജീവിതപങ്കാളി കൂടെ വേണം. പുരോഗമനപരമായി ചിന്തിക്കുന്നതും ഒപ്പം നിന്ന് ഉത്തരവാദിത്തം പങ്കിടാൻ തയ്യാറുള്ളതുമായ ഒരാൾ” -കുഞ്ഞിനെ ഇയു യോഗത്തിന് കൊണ്ടുവന്നതിനെ കുറിച്ച് റൊമിന പറഞ്ഞു. ഒരു രാഷ്ട്രീയയോഗത്തിൽ കുഞ്ഞിനെ കൊണ്ടുവന്നുവെന്നതുകൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞുകൊണ്ട് പോളണ്ടിന്റെ ഡെപ്യൂട്ടി കാലാവസ്ഥാ മന്ത്രി റൊമിനയെ പിന്തുണയ്ക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button