അന്തർദേശീയം

ജനനനിരക്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; പ്രസവ പ്രോത്സാഹനത്തിന് വൻ സാമ്പത്തിക പാക്കേജുമായി സിംഗപ്പൂർ

സിംഗപ്പൂർ : ജനനനിരക്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് മാതാപിതാക്കളെ പ്രസവത്തിന് പ്രോത്സാഹിപ്പിക്കാൻ വൻ സാമ്പത്തിക പാക്കേജുമായി സിംഗപ്പൂർ. ജനനം മുതൽ 17 വയസ് പൂർത്തിയാകുന്നത് വരെ ഓരോ സിംഗപ്പൂർ പൗരനായ കുട്ടിക്കും ഏകദേശം 70,000 സിംഗപ്പൂർ ഡോളർ (ഏകദേശം 47 ലക്ഷം ഇന്ത്യൻ രൂപ) നേരിട്ടുള്ള സാമ്പത്തിക സഹായമായി നൽകുമെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് നാഷണൽ ഡേ റാലിയിൽ പ്രഖ്യാപിച്ചു.

നിലവിലുള്ള ‘ബേബി ബോണസ്’ പദ്ധതിക്ക് പകരമായി കൊണ്ടുവരുന്ന പുതിയ ‘എസ്ജി ചൈൽഡ് സപ്പോർട്ട് പാക്കേജ്’ 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റത്തവണയായി പണം നൽകുന്നതിന് പകരം ഘട്ടംഘട്ടമായാണ് തുക ലഭ്യമാക്കുക

* കുട്ടി ജനിച്ച് ആദ്യ വർഷത്തിൽ തന്നെ രണ്ട് ഗഡുക്കളായി 10,000 സിംഗപ്പൂർ ഡോളർ ക്യാഷ് ഗിഫ്റ്റ്.

* കുട്ടിയുടെ ചൈൽഡ് ഡെവലപ്‌മെന്റ് അക്കൗണ്ടിലേക്ക് (സി.ഡി.എ) 5,000 ഡോളറും, മാതാപിതാക്കളുടെ

* സമ്പാദ്യത്തിന് തുല്യമായി സർക്കാർ നൽകുന്ന 5,000 ഡോളറും.

* ആദ്യ 16 വർഷത്തേക്ക് പ്രതിവർഷം 2,000 ഡോളർ വീതം ചൈൽഡ് ക്രെഡിറ്റുകൾ.

* 17-ാം വയസ്സിൽ ഉന്നതവിദ്യാഭ്യാസ അക്കൗണ്ടിലേക്ക് 10,000 ഡോളറിന്റെ ടോപ്പ്-അപ്പ്.

സിംഗപ്പൂരിലെ പ്രത്യുൽപാദന നിരക്ക് 2024-ലെ 0.97-ൽ നിന്ന് 2025-ൽ റെക്കോർഡ് താഴ്ചയായ 0.87-ലേക്ക് കൂപ്പുകുത്തിയതാണ് രാജ്യത്തെ ഇത്തരമൊരു അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്. ഒരു രാജ്യത്തിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ ശരാശരി 2.1 എന്ന ഫെർട്ടിലിറ്റി നിരക്ക് ആവശ്യമുള്ളിടത്താണ് സിംഗപ്പൂർ ഈ കടുത്ത വെല്ലുവിളി നേരിടുന്നത്. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും തൊഴിൽ സേന ചുരുങ്ങുകയും ചെയ്യുന്ന ‘സൂപ്പർ-ഏജ്ഡ്’ സമൂഹമായി രാജ്യം മാറുന്നത് തടയാൻ പണത്തിന് പുറമെ മാതാപിതാക്കൾക്ക് കൂടുതൽ ചൈൽഡ് കെയർ അവധിയും ഭവന നിർമാണത്തിൽ മുൻഗണനയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button