2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍

ലണ്ടന്‍ : ബ്രിട്ടനില്‍ പതിറ്റാണ്ടുകളായി ‘ഗ്രൂമിങ് ഗ്യാങി’ന്റെ വലയില്‍ വീണ് 2,50,000 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപിയായ രൂപര്‍ട്ട് ലോവിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തില്‍ കണ്ടെത്തില വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 16-ന് പുറത്തുവിട്ട ‘ഗ്യാങ് റേപ്പ് എന്‍ക്വയറി റിപ്പോര്ട്ടി’ലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
പെണ്‍കുട്ടികളെയും സ്ത്രീകളെയും വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുന്ന് സംഘങ്ങളെയാണ് ‘ഗ്രൂമിങ് ഗാങ്’ എന്നു വിളിക്കുക. ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് വംശജരായ വെളുത്ത പെണ്‍കുട്ടികളാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ-സുരക്ഷാ പരാജയങ്ങളിലൊന്നായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
2005-നും 2017-നും ഇടയില്‍ കൂട്ടായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 264 ശിക്ഷാവിധികള്‍ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തില്‍, കുറ്റവാളികളില്‍ 84 ശതമാനവും ദക്ഷിണേഷ്യന്‍ വംശജരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പാകിസ്ഥാന് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്.
യുകെയിലെ 149 തദ്ദേശ സ്വയംഭരണ ജില്ലകളിലെങ്കിലും ഗ്രൂമിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.11 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി അവര്‍ക്ക് മദ്യം, മയക്കുമരുന്ന്, സിഗരറ്റുകള്‍ എന്നിവ നല്കി ക്രൂരമായ കൂട്ടബലാത്സംഗം, പീഡനം, ബ്ലാക്ക്മെയിലിങ് എന്നിവയ്ക്ക് ഇരയാക്കുകയായിരുന്നു.
ഇത്തരത്തില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ക്ക് 50 വര്‍ഷവും കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് 25 വര്‍ഷവും തടവ് ശിക്ഷ നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട എല്ലാ വിദേശ പൗരന്മാരെയും നാടുകടത്താനും ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും മികച്ച പിന്തുണ, കൂടുതല്‍ കഠിനമായ ശിക്ഷാവിധി, രാഷ്ട്രീയ കൃത്യതയില്ലാതെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കല്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്.



